കൊച്ചി: സിനിമ നിർമാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രതിഷേധ സൂചകമായി പർദ ധരിച്ചാണ് നിർമാതാവ് സാന്ദ്ര തോമസ് എത്തിയത്. ഇത്തരം ആളുകളുള്ള സ്ഥലങ്ങളിൽ വരുമ്പോൾ സ്ത്രീകൾക്ക് ധരിക്കാവുന്ന ഏറ്റവും ഉചിതമായ വസ്ത്രമാണിതെന്ന് അവർ പ്രതികരിച്ചു. തന്‍റെ ആരോപണത്തിൽ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചവരാണ് നിലവിലെ ഭാരവാഹികൾ.
പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് സാന്ദ്ര തോമസ് പത്രിക നൽകിയിരിക്കുന്നത്. പ്രസിഡന്‍റ് ആന്‍റോ ജോസഫ്, സെക്രട്ടറി ബി. രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ എന്നിവരെ യഥാക്രമം ഒന്ന് മുതൽ നാല് വരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഇവർക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ശരീരം മുഴുവൻ മറയുന്ന വസ്ത്രമെന്ന നിലയിലാണ് പർദ ധരിച്ചത്. കുറ്റപത്രം നൽകിയിട്ടും അവർ ഭാരവാഹികളായി തുടരുകയും വീണ്ടും മത്സരിക്കുകയും ചെയ്യുന്നു. പർദ ഒരു മതത്തിന്‍റെ വസ്ത്രമായി കാണേണ്ടതില്ല. താനൊരു ക്രിസ്ത്യാനിയാണ്. ബൈബിളിൽ സാറ ധരിച്ചിരുന്ന വേഷമാണിത്. തങ്ങൾ പള്ളികളിൽ ഇങ്ങനെയാണ് പോകാറുള്ളത്.
സ്ത്രീകൾക്ക് സുരക്ഷിത ഇടമല്ല ഇപ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പുരുഷന്മാർ കുത്തകയാക്കി വെച്ചിരിക്കുകയാണ്. അസോസിയേഷനെ മറ്റെല്ലാ സംഘടനകളുടെയും താഴെയെത്തിച്ചത് നിലവിലെ ഭാരവാഹികളാണ്. പാനലിലാണ് മത്സരിക്കുക. അതിലെ മറ്റംഗങ്ങൾ ആരൊക്കെയെന്ന് പിന്നീട് അറിയിക്കും. നിലവിലെ ഭരണസമിതിക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷ. നിർമാതാവ് ഷീല കുര്യൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. മോശം അനുഭവം തുറന്നുപറയുന്നവരെ പുറത്താക്കുന്ന സമീപനം ശരിയല്ല. അഭിപ്രായം പറഞ്ഞപ്പോൾ ഷീല കുര്യന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
പ്രശ്നങ്ങൾ തുറന്നുപറയുമ്പോൾ ലിസ്റ്റിൻ സ്റ്റീഫൻ കളിയാക്കുകയും മോശമായി പെരുമാറുകയുമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ തനിക്കെതിരെ മാനനഷ്ടകേസുകൾ വരുന്നു. താൻ മത്സരിച്ച് പ്രസിഡന്‍റായാൽ അടുത്ത തവണ പുതിയ ആളുകൾക്കായി മാറി നിൽക്കും. തന്‍റെ പത്രിക തള്ളുന്നതിനുള്ള ആസൂത്രണങ്ങൾ അവർ നടത്തുമെന്നറിയാം. എങ്കിലും അവസാനംവരെ പൊരുതുമെന്ന് സാന്ദ്ര കൂട്ടിച്ചേർത്തു. ആഗസ്റ്റ് രണ്ടിനാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. നാലിന് സൂക്ഷ്മ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.