കൊച്ചി: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരം കടുക്കുന്നു. പ്രസിഡന്റായി മോഹൻലാൽ മത്സരിക്കാനില്ലാത്തതിനാൽ ഈ സ്ഥാനത്തേക്ക് ഉൾപ്പെടെ നിരവധി അഭിനേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. നടൻ ജഗദീഷ്, നടി ശ്വേതാമേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ജോയ് മാത്യു പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, പ്രസിഡൻറ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതായി സൂചനയുണ്ട്. ബാബുരാജാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരാൾ. ജോയൻറ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും മത്സരിക്കുന്നുണ്ട്.
പ്രസിഡന്റ് ഉൾപ്പെടെ സ്ഥാനങ്ങളിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ച പലരും മറ്റ് സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. 73ഓളം പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മ പരിശോധനയും പൂർത്തിയായിട്ടുണ്ട്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. പിൻവലിക്കാനുള്ള അവസാന ദിവസമായ 31ന് അന്തിമ പട്ടിക പുറത്തുവരും. ആഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവുമുണ്ടാകും.
ഇന്നസെന്റിന്റെ മരണത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ മോഹൻലാൽ കഴിഞ്ഞ മൂന്നുതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മത്സരത്തിനില്ലെന്ന് മോഹൻലാൽ അറിയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കടുത്തത്. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരം വരുന്നുവെന്നതും നടിയടക്കം മത്സരരംഗത്തുണ്ടെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഹേമ കമ്മിറ്റി വിവാദത്തോടെ മോഹൻലാൽ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ രാജിവെച്ചത് വലിയ ചർച്ചകൾക്കായിരുന്നു വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.