ജയില്‍ ഉപദേശക സമിതിയിലെ സി.പി.എം രാഷ്ട്രീയപങ്കാളിത്തം അവസാനിപ്പിക്കണം -എം.എം. ഹസന്‍

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഭരിക്കുന്നത് മാര്‍ക്സിസ്റ്റ് ക്രിമിനലുകളും സി.പി.എമ്മിന്റെ ഫ്രാക്ഷനും ചേര്‍ന്നാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷൻ എം.എം. ഹസന്‍. ജയില്‍ ഉപദേശക സമിതിയിലെ സി.പി.എമ്മിന്റെ രാഷ്ട്രീയപങ്കാളിത്തം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജഡ്ജിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ ഉള്‍പ്പെടുത്തിയുള്ളതാകണം ജയില്‍ ഉപദേശക സമിതി. എന്നാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയില്‍ ഭൂരിഭാഗവും സി.പി.എം നേതാക്കളാണ്. ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് ജയില്‍ ഉദ്യോഗസ്ഥരുടെയോ തടവുകാരുടെയോ സഹായം കിട്ടിയിട്ടുണ്ട്. കുറച്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ട് കാര്യമില്ല. മുന്ന് മാസമെടുത്ത് തയാറാക്കിയ ജയില്‍ചാട്ടം കണ്ടെത്താന്‍ കഴിയാത്തത് ജയില്‍ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ്.

ജയിലില്‍ രാത്രികാല നിരീക്ഷണത്തിന്റെ അലംഭാവം പ്രകടമാക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടല്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടംഗസമിതിയുടെ അന്വേഷണം ഒളിച്ചോട്ടമാണ്. ദ്രുതഗതിയുള്ള നടപടിക്ക് പകരം അന്വേഷണ പ്രഹസനങ്ങള്‍ നടത്തി ജനത്തെ പറ്റിക്കുകയാണ് പിണറായി സര്‍ക്കാരെന്നും ഹസന്‍ പറഞ്ഞു.

തടവുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായി. ജയിലിലെ കാമറകളും വൈദ്യുതവേലികളും പ്രവര്‍ത്തന രഹിതമാണ്. പിണറായി സര്‍ക്കാറിന്റെ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 30 പ്രതികളാണ് ജയില്‍ ചാടിയത്. ഇതിലെല്ലാം എന്തു നടപടിയാണ് ആഭ്യന്തര വകുപ്പും ജയില്‍ വകുപ്പും സ്വീകരിച്ചത്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണ് കണ്ണൂര്‍ ജയില്‍ നിയന്ത്രിക്കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും അത് ലംഘിക്കുകയും ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി.അതിന്റെ ആനുകൂല്യം പറ്റിയത് കൊണ്ടാണ് ഗോവിന്ദച്ചാമിയെ പോലുള്ള കൊടുംകുറ്റവാളികള്‍ക്ക് ജയില്‍ ചാടാന്‍ പ്രചോദനമായതെന്നും എം.എം. ഹസന്‍ പറഞ്ഞു.

Tags:    
News Summary - CPM's political involvement in the Jail Advisory Committee should end - M.M. Hasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.