പാലക്കാട്: സർക്കാറിന്റെയും ലാൻഡ് ബോർഡിന്റെയും നിർദേശങ്ങളും ഭൂപരിഷ്കരണ നിയമവ്യവസ്ഥകളും അട്ടപ്പാടിയിൽ വ്യാപകമായി ലംഘിക്കുന്നുവെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. രജിസ്ട്രേഷൻ, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അട്ടപ്പാടിയിലെ ഭൂമി കുംഭകോണത്തിന്റെ വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ഒറ്റപ്പാലം സബ്കലക്ടറുടെ നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ മണ്ണാർക്കാട് തഹസിൽദാറായിരുന്ന എസ്. ശ്രീജിത്ത് സബ് കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് നിരവധി ഗുരുതര ക്രമക്കേടുകൾ നടന്നതായി വെളിപ്പെടുത്തുന്നു.
അട്ടപ്പാടി ലാൻഡ് ട്രൈബ്യൂണൽ ഓഫിസിലെയും പുതൂർ വില്ലേജ് ഓഫിസിലെയും പട്ടയ നടപടിക്രമ ഫയലുകളും പട്ടയത്തിന് വില്ലേജ് ഓഫിസർമാരും ലാൻഡ് ട്രൈബ്യൂണലിലെ റവന്യൂ ഇൻസ്പെക്ടർമാരും ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തിയതെന്നവകാശപ്പെട്ട് ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർക്ക് സമർപ്പിച്ച സ്വമേധയ നടപടിക്രമ ഫയലുകളും (എസ്.എം റിപ്പോർട്ടുകൾ) പരിശോധിച്ചാണ് റിപ്പോർട്ട് നൽകിയത്.
വർഷങ്ങളായി ആരും ഭൂനികുതി അടക്കാത്ത, പുതൂർ വില്ലേജിലെ വിവിധ സർവേ നമ്പറുകളിൽപ്പെട്ട വനഭൂമിപോലെ കിടക്കുന്ന സ്ഥലങ്ങൾക്ക് 2020നുശേഷം നിയമവിരുദ്ധ രീതിയിൽ അവകാശ രേഖകൾ ഉണ്ടാക്കാൻ ഭൂനികുതി അടച്ചുകൊടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2020ലെ സ്വമേധയാ നടപടിക്രമ ഫയലുകളിൽ നൽകിയ 22ഓളം പട്ടയ റിപ്പോർട്ടുകളിൽ കൈവശരേഖകൾ ഹാജരാക്കിയിട്ടില്ല. 2023ലെ 57ഓളം പട്ടയ അപേക്ഷകളും കൈവശരേഖകൾ ഹാജരാക്കാതെ സമർപ്പിച്ചതായി പരിശോധനയിൽ വ്യക്തമായി.
പട്ടയം ബുക്ക് ചെയ്ത് നൽകിയ വില്ലേജ് ഓഫിസറും നടപടിക്രമങ്ങൾ പാലിക്കാതെ ഭൂനികുതി അടച്ചുകൊടുത്ത വില്ലേജ് ജീവനക്കാരും നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്യാധീനപ്പെട്ടതും അന്യാധീനപ്പെടുത്താൻ ശ്രമിക്കുന്നതുമായ ഭൂമി തിരിച്ചുപിടിക്കാൻ വിശദമായ അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിലായതിനുശേഷം അവകാശികളില്ലാതെ കിടക്കുന്ന ഭൂമികൾ ‘എസ്ചീറ്റഡ് പ്രോപ്പർട്ടി’ എന്ന ഗണത്തിൽപെടുത്തി സർക്കാറിലേക്ക് അവകാശം സ്ഥാപിക്കേണ്ടതുണ്ട്. ഈ നടപടിക്രമം പാലിക്കപ്പെടാത്തവയും ഏറെയാണ്. നിലവിൽ പല താലൂക്ക് ഓഫിസുകളിലും സർക്കാർ ഭൂമി പരിപാലിക്കപ്പെടാത്ത സാഹചര്യം മുതലാക്കി ഭൂമാഫിയകളുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിയമവിരുദ്ധമായി പട്ടയം കരസ്ഥമാക്കി സ്വകാര്യവ്യക്തികൾ ആദിവാസി ചൂഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.