തിരുവനന്തപുരം: പുതിയ വൈദ്യുതി ലൈൻ നിർമാണം കവചിത കണ്ടക്റ്ററുകൾ ഉപയോഗിച്ച് മാത്രം ചെയ്യാനുള്ള 2021 ലെ കെ.എസ്.ഇ.ബിയുടെ തീരുമാനം കർശനമായി നടപ്പാക്കും. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റുള്ള മരണങ്ങൾ ആവർത്തിക്കപ്പെടുന്ന പശ്ചാത്തലത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. വൈദ്യുതി പോസ്റ്റുകളിലെ അനധികൃത കേബിളുകൾ ഉടൻ നീക്കും. സ്കൂളുകൾ, ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിലെ വൈദ്യുതി ലൈനുകളുടേയും അനുബന്ധ സംവിധാനങ്ങളുടേയും അടിയന്തിര സുരക്ഷാ പരിശോധന ഈ മാസം പൂർത്തിയാക്കാക്കും. ആഗസ്റ്റ് 15 നകം എല്ലാ ലൈനുകളുടെയും സുരക്ഷാ പരിശോധന പൂർത്തിയാക്കാനും നിർദേശം നൽകി.
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്ത് നടപ്പാക്കുന്നതിനും വിലയിരുത്തുന്നതിനുമായി രൂപവൽകരിച്ച സമിതികളും ഉടൻ യോഗം ചേരും. സംസ്ഥാനതല സമിതി, കലക്ടർ ചെയർമാനും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കൺവീനറുമായ ജില്ലാതല സമിതി എന്നിവ ആഗസ്റ്റ് 15ന് മുമ്പ് വിളിച്ചുചേർക്കും. വൈദ്യുതി അപകടങ്ങൾ കുറക്കുന്നതിന് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് തലത്തിലും ജാഗ്രതാ സമിതികളും ചേരും.
വൈദ്യുതി ലൈനുകൾ പരിശോധിക്കൽ, അപകട സാധ്യത കണ്ടെത്തൽ, തുടര്‍നടപടികള്‍ സ്വീകരിക്കൽ എന്നിവ രേഖപ്പെടുത്തുന്നതിന് സോഫ്റ്റ്‌വെയർ സംവിധാനം തയാറാക്കും.
ജാഗ്രത സമിതികളും വൈദ്യുതി സുരക്ഷ സംബന്ധിച്ച കമ്മിറ്റികളും കൃത്യമായ ഇടവേളകളില്‍ കൂടുന്നതിനും ഇതിലെ തീരുമാനങ്ങളും, തുടര്‍ നടപടികളും അപ്‌ലോഡ് ചെയ്യുന്നതിനും സോഫ്റ്റ്‌വെയർ രൂപപ്പെടുത്തും. വൈദ്യുതി അപകടങ്ങൾ ഉണ്ടായാല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരം കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.