കൊച്ചി: പണമായി 20,000 രൂപക്കുമേൽ നൽകിയ ഇടപാടുകൾ നിയമപരമല്ലാത്തതിനാൽ നെഗോഷബിൾ ആകട് പ്രകാരം ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യം നിലനിൽക്കില്ലെന്ന് ഹൈകോടതി. പണമായി നൽകിയ ഒമ്പതുലക്ഷത്തിന്റെ വായ്പക്ക് ഈടായി കൈമാറിയ ചെക്ക് പണമില്ലാതെ മടങ്ങിയതിന്റെ പേരിൽ ഒരുവർഷം തടവും ഒമ്പതുലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ച അഡീ. സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് പത്തനംതിട്ട സ്വദേശി പി.സി. ഹരി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. കോടതി ഉത്തരവുകൾ റദ്ദാക്കി ഹരജിക്കാരനെ വെറുതെവിട്ടു.
ഹരജിക്കാരൻ തുക പണമായി കൈപ്പറ്റിയശേഷം ഈടായി ചെക്ക് നൽകിയതായി പരാതിക്കാരനായ ഷൈൻ വർഗീസ് കോടതിയെ അറിയിച്ചു. പണം കൈപ്പറ്റിയിട്ടില്ലെന്ന് ഹരജിക്കാരൻ വാദിച്ചു. 20,000 രൂപക്ക് മുകളിൽ കടമായോ നിക്ഷേപമായോ മറ്റൊരാളിൽനിന്ന് ഒരു വ്യക്തി വാങ്ങുന്നത് ആദായ നികുതി നിയമത്തിലെ 269 എസ്.എസ് വകുപ്പ് പ്രകാരം നിയമവിരുദ്ധമാണെന്നും നിയമലംഘനത്തിന് പരാതിക്കാരൻ പിഴ നൽകാൻ ബാധ്യസ്ഥനാണെന്നും വാദിച്ചു.
ചെക്ക്, ഡി.ഡി, ഇ-പേമെന്റുകൾ മുഖേന മാത്രമേ 20,000ന് മുകളിലുള്ള ഇടപാടുകൾ ആദായ നികുതി നിയമപ്രകാരം അനുവദനീയമായിട്ടുള്ളൂ. മജിസ്ട്രേറ്റ് കോടതി ഉത്തരവും അഡീ. സെഷൻസ് ഹൈ കോടതി ഉത്തരവും റദ്ദാക്കി. ജാമ്യ ബോണ്ട് തിരികെ നൽകാനും കോടതി നിർദേശപ്രകാരം പണം നൽകിയിട്ടുണ്ടെങ്കിൽ തിരികെ നൽകാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.