കോഴിക്കോട്: സൗമ്യവധക്കേസ് പ്രതിയും കൊടും കുറ്റവാളിയുമായ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായി വി.ടി ബൽറാം. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്.
ഒറ്റക്കൈയ്യനും എല്ലുന്തിയ ശരീരവുമുള്ള ഗോവിന്ദച്ചാമിക്ക് മറ്റാരുടേയും സഹായമില്ലാതെ കണ്ണൂൺ സെൻട്രൽ ജയിലിലെ ‘അതീവ സുരക്ഷാ’േബ്ലാക്കിൽ നിന്നും ചാടി രക്ഷപ്പെടാൻ കഴിഞ്ഞുവെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാനാവില്ലെന്ന് ബൽറാം ചൂണ്ടികാട്ടുന്നു.
കണ്ണൂർ ജയിലിലെയും ആഭ്യന്തര വകുപ്പിലെയും സിസ്റ്റം മൊത്തം തകരാറിലാണെന്ന് സംഭവം വെളിപ്പെടുത്തുന്നതായും ബൽറാം ആക്ഷേപിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. പുലർച്ചെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. രാവിലെയോടെ സജീവമായ തിരച്ചിലിനു ശേഷം, 11 മണിയോടെ കണ്ണൂർ നഗരത്തിലെ തളാപ്പ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
‘‘ഒറ്റക്കയ്യനായ, എല്ലുന്തിയ ഈ മനുഷ്യനാണ് മറ്റാരുടേയും സഹായമില്ലാതെ കണ്ണൂർ സെൻട്രൽ ജയിലിലെ ‘അതീവ സുരക്ഷാ ബ്ലോക്കി’ലെ ഇരുമ്പഴികൾ വളച്ച് പുറത്തുകടന്ന് ഏഴ് മീറ്റർ ഉയരമുള്ള മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടതെന്ന് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ?
കണ്ണൂർ ജയിലിലേയും ആഭ്യന്തര വകുപ്പിലേയും സിസ്റ്റം മൊത്തത്തിൽ തകരാറിലാണ് എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദികൾ? ആരുടേയൊക്കെ സഹായത്താലാണ് ഇങ്ങനെയൊരു കൊടും ക്രിമിനലിന് ജയിൽ ചാടാൻ കഴിഞ്ഞത്?
അങ്ങനെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏൽക്കുന്ന ഒരു പതിവ് പോലും ഇന്നത്തെ ഭരണത്തിൽ ഇല്ലല്ലോ! ആർക്കും ഒന്നിലും ഉത്തരവാദിത്തമില്ലാത്ത, എന്തിനേയും കണ്ണും പൂട്ടി ന്യായീകരിക്കുന്നവർ മാത്രമാണ് ഇന്ന് സിസ്റ്റത്തിലുള്ളത്.
കേരളം എന്തൊരു മാറ്റമാണ് മാറിയത്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.