കണ്ണൂര്‍: ജയില്‍ ചാടി പിടിയിലായ ബലാത്സംഗ കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലിൽ എത്തിച്ചത്. വൈദ്യപരിശോധനക്ക് ശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് ഇയാളെ പള്ളിക്കുന്നിലുള്ള ജയിലിലെത്തിച്ചത്.
അതീവ സുരക്ഷയുള്ള ജയിലിൽ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് തെളിവെടുപ്പ് നടത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി എത്തിച്ചത്.
വലിയ ജനക്കൂട്ടം ഈ സമയത്ത് ജയിൽ പരിസരത്ത് തടിച്ചുകൂടിയിരുന്നു. അതുകൊണ്ടുതന്നെ കനത്ത സുരക്ഷയിലാണ് ഇയാളെ ജയിലിനുള്ളിൽ എത്തിച്ചത്. യാതൊരു കൂസലുമില്ലാതെയാണ് ഗോവിന്ദച്ചാമി ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ജയിലില്‍നിന്ന് എങ്ങനെയാണ് പുറത്തിറങ്ങിയതെന്നും മതിൽ ചാടിക്കടന്നത് എങ്ങനെയെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.
തുടർന്ന്, ഗോവിന്ദച്ചാമിയെ ജയിലിന് പുറത്തെത്തിച്ച് പൊലീസിന്‍റെ വാഹനത്തിൽ കയറ്റി തിരികെ കോടതിയിലേക്ക് കൊണ്ടുപോയി. തിരിച്ചുകൊണ്ടുപോകാനായി പോലീസ് വാനിൽ കയറ്റിയിരുത്തിയ സമയത്ത് വാനിന്‍റെ ജനാലയിൽക്കൂടി ഗോവിന്ദച്ചാമി ജനക്കൂട്ടത്തിനും മാധ്യമപ്രവർത്തകർക്കും നേരേ കൈവീശിക്കാണിച്ചു. ഗോവിന്ദച്ചാമിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതേസമയം, ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് നോര്‍ത്ത് സോണ്‍ ജയില്‍ ഡി.ഐ.ജിയുടെ വിലയിരുത്തല്‍. രാത്രിയിലെ ഡ്യൂട്ടിക്കായി മൂന്ന് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ഇന്ന് പുലർച്ചെ 1.15 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയത്. പ്രതിയെ കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്ത് വെച്ചുതന്നെയാണ് പിടികൂടിയത്. കറുത്ത പാൻ്റും വെളുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന് സമീപത്തെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. ജയിൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാൾ ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.