photo : YP Sakeer Tanur

യാത്ര സൗജന്യമാക്കിയാൽ കൊച്ചിയിലും തിരുവനന്തപുരത്തും 40 % വനിതകൾ ബസുകളിലേക്ക് മാറുമെന്ന് റിപ്പോർട്ട്

കൊച്ചി: തമിഴ്‌നാട്ടിലും കർണാടകയിലും നടപ്പാക്കിയത് പോലെ കേരളത്തിലും സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചാൽ 40 % വനിതകൾ ബസുകളിലേക്ക് മാറുമെന്നും കാർബൺ വികിരണവും അന്തരീക്ഷ മലിനീകരണവും ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. ബസുകളിൽ ടിക്കറ്റ് ചാർജ് വാങ്ങാതെ യാത്ര ചെയ്യാൻ അനുവദിച്ചാൽ അത് തങ്ങളെ സാമ്പത്തികമായും സാമൂഹികമായും ബലപ്പെടുത്തുമെന്ന് സുസ്ഥിര ഗതാഗത സാദ്ധ്യതകൾ ആരായുന്ന ‘സസ്‌റ്റൈനബിൾ മൊബിലിറ്റി നെറ്റ്‌വർക്ക്’ എന്ന ഗവേഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ നടത്തിയ പഠനത്തിൽ പങ്കെടുത്ത കൊച്ചിയിലെയും തിരുവനന്തപുരത്തെയും 40 ശതമാനത്തിലധികം സ്ത്രീകൾ അഭിപ്രായപ്പെട്ടു. അസര്‍ സോഷ്യല്‍ ഇംപാക്ട് അഡ്വൈസേഴ്‌സിന്റെ പിന്തുണയോടെ, പഠന-ഗവേഷണ സ്ഥാപനമായ നികോറെ അസോസിയേറ്റ്സാണ് പഠനം നടത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊതുഗതാഗതത്തിൽ വനിതകൾക്ക് നൽകുന്ന സൗജന്യങ്ങൾ സംബന്ധിച്ച ആദ്യത്തെ ആധികാരിക വിലയിരുത്തലാണിതെന്ന് ഇവർ അവകാശപ്പെട്ടു.


കൂടുതൽ സ്ത്രീകൾ ബസുകളിൽ യാത്ര ചെയ്യുകയും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് നിർത്തുകയും ചെയ്യുന്നത് ഗുണപരമായ പരിവർത്തനം സംസ്ഥാനത്താകെ സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു. നഗര ഗതാഗതം സ്ത്രീ സൗഹൃദവും സുരക്ഷിതവുമാക്കാൻ സൗജന്യ ബസ് യാത്ര അനിവാര്യമാണെന്ന് പഠനവുമായി ബന്ധപ്പെട്ട സർവേയോട് പ്രതികരിച്ചു. തുച്ഛ ശമ്പളത്തിൽ ജോലിയെടുക്കുന്ന സ്ത്രീകൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകും. തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും തേടാൻ കൂടുതൽ സ്ത്രീകളെ പ്രചോദിപ്പിക്കും. പൊതുയാത്രാ സംവിധാനം ശക്തിപ്പെട്ടാൽ നഗരങ്ങളിലെ വാഹനത്തിരക്ക് കുറയുകയും അന്തരീക്ഷ മലിനീകരണത്തിൽ വലിയ കുറവ് ഉണ്ടാകുകയും ചെയ്യും.

കൊച്ചിയിൽ 40.5% വനിതകളും തിരുവനന്തപുരം നഗരത്തിൽ 38.5% പേരും ഗതാഗതം സൗജന്യമാക്കുകയാണെങ്കിൽ ബസുകളിലേക്ക് മാറുമെന്ന് വ്യക്തമാക്കിയതായാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി ടിക്കറ്റ് സൗജന്യം ഇല്ലാതെ തന്നെ കൊച്ചിയിലെ വലിയൊരു പങ്ക് സ്ത്രീകൾ ആഴ്ചയിൽ അഞ്ചു മുതൽ ആറു ദിവസം വരെ ബസുകളിൽ യാത്ര നടത്തുന്നതായും പഠനം കണ്ടെത്തുന്നു.

‘സ്ത്രീകളെ സംബന്ധിച്ചിടത്തോളം പൊതു ഗതാഗത സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. അവരുടെ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും അവ അനിവാര്യമാണ്. എന്നാൽ സൗജന്യ യാത്രകൾ അനുവദിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾ വന്നാൽ അത് വലിയ തോതിലുള്ള സാമൂഹിക മാറ്റത്തിന് വഴിയൊരുക്കും” -നികോറെ അസോസിയേറ്റ്സിലെ സാമ്പത്തിക ശാസ്ത്രജ്ഞ മിതാലി നികോറെ അഭിപ്രായപ്പെട്ടു.


ഡൽഹി, കർണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നിവയുള്‍പ്പെടെ 5 സംസ്ഥാനങ്ങളിലെ 10 നഗരങ്ങളിൽ നിന്നായി 2,500ത്തിലധികം സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ പഠനം രാജ്യമെങ്ങും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകണമെന്ന് ആവശ്യപ്പെടുന്നു. ഡൽഹി, ബെംഗളൂരു, ഹുബ്ബള്ളി-ധാർവാഡ് എന്നിവിടങ്ങളിൽ നാല് സ്ത്രീകളിൽ ഒരാളെങ്കിലും നിലവിൽ സൗജന്യ ബസ് യാത്ര ഉപയോഗപ്പെടുത്തുന്നുണ്ട്. കർണാടകയിൽ ശക്‌തി പദ്ധതി വന്നതോടെ, സ്ത്രീകൾക്കുള്ള തൊഴിൽസാധ്യതകളിൽ ബെംഗളൂരുവിൽ 23 ശതമാനമായും ഹുബ്ബള്ളിയിൽ 21 ശതമാനമായും വർധനവുണ്ടായി എന്ന് പഠനം വെളിപ്പെടുത്തുന്നു. പൊതു ഗതാഗത സംവിധാനങ്ങൾ പോലെ സ്ത്രീകൾക്ക് സുരക്ഷിത ബോധം നൽകുന്ന മറ്റൊന്നും ഇല്ലെന്നും പഠനം ചൂണ്ടിക്കാട്ടി.

‘സർക്കാരുകൾക്ക് സ്ത്രീകളുടെ സൗജന്യ യാത്ര ഒരു ബാധ്യതയല്ല. സുരക്ഷിതവും ചെലവില്ലാത്തതുമായ ഗതാഗതം സ്ത്രീകളുടെ അവകാശമാണ്. അത്തരം യാത്രകൾ അവരെ ശാക്തീകരിക്കും’ -ക്ലീൻ മൊബിലിറ്റി കളക്ടീവിന്റെ സിദ്ധാർത്ഥ് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കേരളത്തിൽ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയെപ്പറ്റി ആലോചിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. സൗജന്യ യാത്രയോടൊപ്പം ബസുകളുടെ അടിക്കടിയുള്ള നവീകരണം, സേവന വിശ്വസ്തത, ലിംഗസമത്വപരമായ സമീപനം, വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങൾ എന്നിവയും പരിഗണിക്കണം.

“സൗജന്യ യാത്രാസൗകര്യം സ്ത്രീകൾക്ക് ജോലി നേടാനും ചികിത്സ തേടാനും വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്താനും സഹായിക്കുന്നു. ചെറിയ ഒരു നയപരിവർത്തനമാണ് ഇത്. പക്ഷേ ഇതിന്റെ സാമൂഹിക വ്യാപ്തി വളരെ വലുതാണ്,”സെന്റർ ഫോർ ഇൻക്ലൂസീവ് മൊബിലിറ്റിയിലെ ഐശ്വര്യ അഗർവാൾ പറഞ്ഞു.

സൗജന്യ ബസ് യാത്രാവ്യവസ്ഥകൾ സാമ്പത്തികമായി ആസൂത്രിതമല്ലെന്ന ധാരണയും പഠനം ചോദ്യം ചെയ്യുന്നു. സാമ്പത്തിക തിരിച്ചടിയുണ്ടാകുമെന്ന പൊതുധാരണിയെ മറികടന്ന്, ഇത്തരം പദ്ധതികൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂട്ടിയെന്നതും പൊതുഗതാഗതം ശക്തിപ്പെടുത്തിയെന്നതും വിദ്യാഭ്യാസ-ആരോഗ്യ ഇടപെടലുകൾ സുഗമമാക്കിയെന്നതും തെളിയിക്കുന്നു.

കേരളം മാനവ വികസന സൂചികകളിൽ ഉയർന്ന നിലയിൽ നിലകൊള്ളുമ്പോൾ, ലിംഗസമത്വപരമായ ഗതാഗതം മുന്നോട്ടുവയ്ക്കുന്നത് അതിന്റെ സാമൂഹ്യനീതി പദ്ധതികൾക്ക് പുതിയ തുടർച്ചയുണ്ടാക്കുമെന്ന് പഠനം പറയുന്നു. 

Tags:    
News Summary - Report: 40% women in Kochi and Thiruvananthapuram will switch to buses if Free travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.