കൊച്ചി: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാലിന്യം വൻതോതിൽ കൂടുന്നു. ഒരു വർഷത്തിനിടെ വിവിധ ജില്ലകളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽനിന്ന് ക്ലീൻ കേരള കമ്പനി നീക്കിയത് 1,27,568.43 കിലോ മാലിന്യം. മലയോര വിനോദ സഞ്ചാര മേഖലകളിൽ ഒക്ടോബർ ഒന്നുമുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗവും വിൽപനയും നിരോധിച്ച ഹൈകോടതി നടപടി ഇവിടങ്ങൾ മാലിന്യമുക്തമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുകളും (ഡി.ടി.പി.സി) തദ്ദേശ സ്ഥാപനങ്ങളും ശേഖരിച്ചു നൽകിയ മാലിന്യമാണ് ക്ലീൻ കേരള കമ്പനി നീക്കിയത്. സഞ്ചാരികൾ കൂടുതലെത്തുന്ന പല പ്രധാന കേന്ദ്രങ്ങളിലും മാലിന്യം ശേഖരിച്ച് കൈമാറാൻ ഡി.ടി.പി.സി ശാസ്ത്രീയ സംവിധാനം ഒരുക്കിയിട്ടില്ല. ഒരുവർഷത്തിനിടെ കൂടുതൽ മാലിന്യം നീക്കിയത് തൃശൂർ ജില്ലയിൽനിന്നാണ് -42,265 കിലോ. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്ന് മാലിന്യം ശേഖരിച്ച് കൈമാറിയിട്ടില്ല.
വിനോദ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന മാലിന്യം സമയബന്ധിതമായി നീക്കുന്നുണ്ടെന്നും എല്ലായിടത്തും കൃത്യമായി ശേഖരിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കേണ്ടതുണ്ടെന്നും ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ പറഞ്ഞു. ബീച്ചുകളും പാർക്കുകളും ഉൾപ്പെടെ വിനോദ കേന്ദ്രങ്ങളിലെ മാലിന്യത്തിൽ ഏറെയും സഞ്ചാരികൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നവയാണ്. പ്ലാസ്റ്റിക് കുപ്പി, കവർ, ഭക്ഷ്യവസ്തു പാക്കറ്റ് എന്നിവയാണ് കൂടുതലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.