തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി ചാടിയ സംഭവം അന്വേഷിക്കാൻ രണ്ടംഗ പ്രത്യേക സമിതി രൂപവത്കരിച്ചു. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് റിട്ട. സി.എൻ. രാമചന്ദ്രൻ നായർ, സംസ്ഥാന മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയതാണ് സമിതി. കണ്ണൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
കണ്ണൂർ സെൻട്രൽ ജയിലിലുണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തേണ്ടതുമായ സംഭവവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ പൊലീസ് അന്വേഷണങ്ങൾക്കും വകുപ്പുതല പരിശോധനകൾക്കും പുറമെയാണ് പ്രത്യേകാന്വേഷണം. നിലവിലെ അന്വേഷണം അതിവേഗം പൂർത്തിയാക്കാനും നിർദേശം നൽകി. താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിലുള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്തും.
മൂന്ന് മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും. സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജൻറ് സി.സി.ടിവി ജയിലുകളിൽ സ്ഥാപിക്കും. ജയിലിനകത്ത് ഇൻറലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയ ജയിൽ ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റും. ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളികളിൽ പലരെയും അതീവ സുരക്ഷ ജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാരെ അന്തർ സംസ്ഥാന ജയിലുകളിലേക്ക് മാറ്റുന്നത് ആലോചിക്കും.
ജയിലുകളിലെ വിഡിയോ കോൺഫറൻസിങ് സംവിധാനം ശക്തിപ്പെടുത്തും. തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായ, ഇന്റലിജൻസ് എ.ഡി.ജി.പി പി. വിജയൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.