തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
സംസ്ഥാനത്ത് ഈ മാസം 29 വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിന്റെ തീരത്തിന്റെ മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദവും സ്ഥിതി ചെയ്യുന്നുണ്ട്.
അതിശക്തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നൽ ചുഴലി അനുഭവപ്പെട്ടു. ശക്തമായ കാറ്റിൽ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരം തടസപ്പെട്ടു. പാലക്കാട് ശക്തമായ കാറ്റുംമഴയുമാണ്. കനത്ത കാറ്റിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി.
കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു. കല്ലാച്ചി തർബിയ മദ്റസയുടെ മേൽക്കൂര പറന്നുപോയി. പുലർച്ചെ ആഞ്ഞുവീശിയ കാറ്റിൽ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി.
ശക്തമായ മഴയിൽ എറണാകുളം ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ട്. ആലുവ മേഖലയിൽ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. പെരിയാറിലെ നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ബാറേജിൽ സംഭരിച്ചിട്ടുള്ള വെള്ളം ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തി ഒഴുക്കിവിടുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അടുത്ത മൂന്നു മണിക്കൂറിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.