തിരുവനന്തപുരം: പട്ടിക ജാതി -പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 44 ഐ.ടി.ഐകളിൽ കമ്പ്യൂട്ടർ ലാബുകളും ലാംഗ്വേജ് ലാബുകളും തുടങ്ങാൻ അനുമതി. ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി കിഫ്ബിയിൽനിന്ന് തുക വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുക. കോഴ്സുകൾ കാലോചിത നിലവാരത്തിലേക്കുയർത്താൻ ഐ.ടി.ഐകളിൽ കമ്പ്യൂട്ടർ, ലാംഗ്വേജ് ലാബുകൾ തുടങ്ങണമെന്ന പട്ടികജാതി -വർഗ വികസന വകുപ്പ് ഡയറക്ടറുടെ അപേക്ഷ പരിഗണിച്ചണ് നടപടി.
പദ്ധതിക്ക് സർക്കാർ 43.56 കോടിയുടെ ഭരണാനുമതി നൽകി. പട്ടികജാതി വകുപ്പിന് കീഴിലെ 42ഉം പട്ടിക വർഗ വകുപ്പിന് കീഴിലെ രണ്ടും ഐ.ടി.ഐകളിലാണ് ലാബുകൾ യാഥാർഥ്യമാക്കുക. സമയബന്ധിതമായി പദ്ധതി നടപ്പാക്കാൻ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്ക്) ബന്ധപ്പെട്ട് വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കി രണ്ടാഴ്ചക്കകം കിഫ്ബിക്ക് സമർപ്പിക്കാൻ പട്ടികജാതി -വർഗ വികസന ഡയറക്ടറോട് അഡീഷനൽ സെക്രട്ടറി നിർദേശിച്ചു.
ഐ.ടി.ഐകളിൽനിന്ന് ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ വിവിധ കോഴ്സുകളിൽ പരിശീലനം നേടി പുറത്തിറങ്ങുന്നുണ്ടെങ്കിലും കമ്പ്യൂട്ടർ, മറ്റുഭാഷ പരിജ്ഞാനമില്ലാത്തത് കാരണം വൻകിട കമ്പനികൾ പലതും ഇവരെ പരിഗണിച്ചിരുന്നില്ല. തൊഴിൽ വകുപ്പിന്റെയടക്കം നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളകളിൽ ഉദ്യോഗാർഥികളുടെ കമ്പ്യൂട്ടർ പരിജ്ഞാന അഭാവവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വേണ്ടത്ര പ്രാവിണ്യമില്ലാത്തതും അയോഗ്യതയായതോടെയാണ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി സർക്കാർ ലാബുകളൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.