മലപ്പുറം: ഗുണനിലവാരപരിശോധനയിൽ പരാജയപ്പെട്ട 185 മരുന്നുകളുടെ പട്ടിക സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) പുറത്തുവിട്ടു. ജൂണിൽ, കേന്ദ്ര ലാബിൽ പരിശോധിച്ച 55ഉം സംസ്ഥാന ലാബുകളിൽ പരിശോധിച്ച 130ഉം മരുന്നുകളാണ് ഗുണനിലവാരമില്ലെന്ന് (നോട്ട് സ്റ്റാൻഡേഡ് ക്വാളിറ്റി-എൻ.എസ്.ക്യു) കണ്ടെത്തിയത്. പൊതുമേഖല സ്ഥാപനമായ കർണാടക ആൻറിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിച്ച പാരസെറ്റമോൾ 500 മില്ലിഗ്രാം ഗുളിക, ബാക്ടീരിയൽ അണുബാധക്കെതിരായ ഒരു ഗ്രാം സെഫോടാക്സിം സോഡിയം ഇൻജക്ഷൻ എന്നിവ എൻ.എസ്.ക്യു പട്ടികയിലുണ്ട്.
ചൈന ആസ്ഥാനമായുള്ള ഷാസം ക്വിൻജിയാങ് കെമിക്കലിന്റെ ആന്റിബയോട്ടിക് മരുന്നായ ഫോസ്ഫോമൈസിൻ ഫിനൈൽ എഥൈൽ അമിൻ, ചൈന ആസ്ഥാനമായ സംഘൈ ജിൻഹെ ബയോഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ അർബുദത്തിനെതിരായ ഡോസെറ്റാക്സൽ അൺഹൈഡ്രസ് ഐ.പി എന്നിവയും ഗുണനിലവാരപരിശോധനയിൽ പരാജയപ്പെട്ടു. ഹിമാചൽപ്രദേശിലെ മാർട്ടിൻ ആൻഡ് ബ്രൗൺ ബയോ-സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് ഉൽപാദിപ്പിച്ച കാത്സ്യം, വിറ്റമിൻ ഡി-മൂന്ന് ഗുളികകളുടെ 13 സാമ്പിളുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. കേന്ദ്ര ലാബിൽ പരിശോധിച്ച ഇതേ കമ്പനിയുടെ മറ്റു മൂന്നു സാമ്പിളുകളും പരിശോധനയിൽ പരാജയപ്പെട്ടു. ഗോവയിലെ പുനിസ്ക ഇൻജക്ടബിൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആറു സാമ്പിളുകളും എൻ.എസ്.ക്യു പട്ടികയിലുണ്ട്.
ഗുണനിലവാരപരിശോധനയിൽ പരാജയപ്പെട്ട മൂന്നു മരുന്നുകൾ വ്യാജമെന്ന് സി.ഡി.എസ്.ഇ.ഒ പ്രഖ്യാപിച്ചു. ആന്റിബയോട്ടിക് മരുന്നായ സെഫിക്സിം 200 എം.ജിയുടെ ടാക്സിം-ഒ 200 ഗുളികകൾ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള സോഡിയം ആൻഡ് ബെൻസിൽ നിക്കോട്ടിനേറ്റ് ഹെപ്പാരിൻ ഓയിൻമെന്റ് (ത്രോംബോഫോബ്), കൊളസ്ട്രോളിനുള്ള കോമ്പിനേഷൻ മരുന്നായ റോസുവാസ് എഫ്-10, റോസുവാസ് എഫ്-20 ഗുളികകൾ എന്നിവയാണ് വ്യാജമെന്ന് പ്രഖ്യാപിച്ചത്. നിശ്ചിത ബാച്ചിലുള്ള മരുന്നുകൾ തങ്ങളുടേതല്ലെന്ന് ഉൽപാദക കമ്പനികൾ അധികൃതരെ അറിയിച്ചതിനെ തുടർന്നാണിത്.
ആർത്തവചികിത്സക്കുള്ള ട്രാനെക്സാമിക് ആസിഡ് ഗുളികകളുടെ (ട്രെനാക്സ 500) നിശ്ചിത ബാച്ചുകൾ വ്യാജ മരുന്നാണെന്ന് നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. മേയിൽ, ഗുണനിലവാരപരിശോധനയിൽ പരാജയപ്പെട്ടതാണിത്. സ്ഥിരമായി എൻ.എസ്.ക്യു മരുന്നുകൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിക്ക് സംസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്ന് ഡ്രഗ്സ് കൺസൽട്ടേറ്റിവ് കമ്മിറ്റി (ഡി.സി.സി) ആവശ്യപ്പെട്ടു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്ന മരുന്നുകളുടെ പട്ടിക സ്റ്റേറ്റ് റെഗുലേറ്ററർമാർ എല്ലാ മാസവും കേന്ദ്ര അതോറിറ്റിക്ക് കൈമാറണം. ജൂണിൽ 19 സംസ്ഥാനങ്ങളും അഞ്ചു കേന്ദ്രഭരണപ്രദേശങ്ങളും വിവരങ്ങൾ കൈമാറിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.