കോഴിക്കോട്: ഡിവിഷനൽ അക്കൗണ്ടന്റ് നിയമനത്തിന് പി.എസ്.സി പുറത്തിറക്കിയ സാധ്യത പട്ടിക പ്രഹസനമെന്ന് ആക്ഷേപം. വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിന് കട്ട് ഓഫ് മാർക്കിൽ ഇളവനുവദിച്ചാണ് കഴിഞ്ഞദിവസം സാധ്യത പട്ടികയിറക്കിയതെന്നാണ് വിലയിരുത്തൽ. ഒരേ ഒഴിവുകളിലേക്ക് വ്യത്യസ്ത മാനദണ്ഡങ്ങൾ പാലിച്ച് സാധ്യത പട്ടിക തയാറാക്കിയതുവഴി പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടമായതായി ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
കാറ്റഗറി നമ്പർ 723/2024, 724 /2024, 725/ 2024 എന്നിവ പ്രകാരം സർക്കാർ സർവിസിലെ ജൂനിയർ സൂപ്രണ്ട്, യു.ഡി ക്ലർക്ക്/ അസിസ്റ്റന്റ് ഇൻ പി.എസ്.സി/സെക്രട്ടേറിയറ്റ് എന്നീ വിഭാഗങ്ങളിൽ നിന്നും ബൈ ട്രാൻസ്ഫർ മുഖേനയും 724/2024 പ്രകാരം ജനറൽ കാറ്റഗറിയിൽ നിന്നും പി.എസ്.സി അപേക്ഷ ക്ഷണിച്ചിരുന്നു. അഞ്ചുവീതം ഒഴിവുകളിലേക്കാണ് ജനറൽ കാറ്റഗറിയിലും ബൈ ട്രാൻസ്ഫർ മുഖേനയും നിയമനം നടത്തുന്നത്. കഴിഞ്ഞദിവസം പുറത്തിറക്കിയ സാധ്യത പട്ടികയിൽ ജനറൽ കാറ്റഗറിയിൽ നിന്ന് 285 പേരെയും ബൈ ട്രാൻസ്ഫർ വിഭാഗത്തിൽ നിന്ന് 51 പേരെയുമാണ് ഉൾപ്പെടുത്തിയത്. നിശ്ചിത മാനദണ്ഡമില്ലാതെ ഒരു കാറ്റഗറിക്ക് മാത്രം കട്ട് ഓഫ് പരിധി കൂട്ടിയാണ് പട്ടികയിൽ ആളുകളെ ഉൾപ്പെടുത്തിയത്.
ജനറൽ കാറ്റഗറിക്ക് 47 ഉം ബൈ ട്രാൻസ്ഫറിന് 37.33 ഉം കട്ട് ഓഫ് മാർക്ക് വെച്ചത് എന്തടിസ്ഥാനത്തിലാണെന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നത്. ഇരു കാറ്റഗറികളിലും സമാന ഒഴിവുകളുണ്ടായിരിക്കെ ചിലരെ സംരക്ഷിക്കാനാണ് അട്ടിമറി. പ്രിലിമിനറി പരീക്ഷ, തുടർന്ന് മൂന്നു വിഷയങ്ങൾ അടങ്ങിയ വിവരണാത്മക പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഇതിനുശേഷം വളരെ കുറച്ചുപേർ മാത്രമേ പട്ടികയിൽ ഉൾപ്പെടുകയുള്ളൂ. ഇതുമൂലം പ്രിലിമിനറി പരീക്ഷ പാസാകുന്നവരിൽ നിന്ന് കൂടുതൽ പേരെ മെയിൻ പരീക്ഷക്കായി ഉൾപ്പെടുത്താറുണ്ട്. ബൈ ട്രാൻസ്ഫർ വിഭാഗത്തിൽ എണ്ണം കുറക്കുകയും ജനറൽ കാറ്റഗറിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുകയും വഴി വേണ്ടപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കമെന്നാണ് ആരോപണം.
ട്രാൻസ്ഫർ വിഭാഗത്തിൽ ആകെ മൂന്ന് അവസരമാണ് ലഭിക്കുക എന്നതിനാൽ മെയിൻ പരീക്ഷക്ക് കൂടുതൽപേരെ ഉൾക്കൊള്ളിക്കാറുണ്ട്. നിരവധിപേർ അവധി ഉൾപ്പെടെ എടുത്താണ് ഈ പരീക്ഷക്ക് തയാറാകുന്നത്. വെറും 51 പേരെ മാത്രം ഉൾപ്പെടുത്തി ബൈ ട്രാൻസ്ഫർ വിഭാഗത്തിലുള്ളവരെ പി.എസ്.സി വഞ്ചിച്ചെന്നാണ് ആക്ഷേപം. സാധ്യത പട്ടികയിൽ ജനറൽ വിഭാഗത്തിൽ ചെയ്തപോലെ ബൈ ട്രാൻസ്ഫർ വിഭാഗത്തിലും കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.