പാലക്കാട്: ഉപരാഷ്ട്രപതിയുടെ രാജിക്ക് കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് പറഞ്ഞ് കേന്ദ്രസർക്കാരിന് തടിയൂരാൻ കഴിയില്ലെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. മോദി അമിത് ഷാ അമിതാധികാര പ്രവണതയോടുള്ള പ്രതിഷേധമാണ് ഉപരാഷ്ട്രപതിയുടെ രാജി. ഈ യാഥാർത്ഥ്യം ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണം. അതിനുവേണ്ടിയുള്ള ഒരു വിസിൽ ബ്ലോവറായി മാറാൻ ജഗദീപ് ധൻകറിന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഭക്തർക്ക് ആഹ്ലാദിക്കാൻ അതിതീവ്രദേശീയത ബി.ജെ.പി മരുന്നായി നൽകുകയാണെന്നും സന്ദീപ് പരിഹസിച്ചു.
‘ഒരുകാലത്ത് മോദിയുടെ ഏകാധിപത്യ ഭരണത്തിന്റെ കാവലാളായി രാജ്യസഭയിൽ പ്രവർത്തിച്ച ആളാണ് ജഗദീപ് ധൻകർ. 146 പ്രതിപക്ഷ എംപിമാരെയാണ് ധൻകർ സസ്പെൻഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങളെ വിരട്ടലും അവഹേളിക്കലും ഇദ്ദേഹത്തിൻറെ പ്രധാന വിനോദമായിരുന്നു. എല്ലാം മോദിക്ക് വേണ്ടിയായിരുന്നു. യജമാനനെ തൃപ്തിപ്പെടുത്താനായിരുന്നു. എന്നാലൊടുവിൽ രാജ്യത്തോടും ഭരണഘടനയോടും ചെയ്യുന്ന കൊടിയ പാപത്തിൽ പങ്കുപറ്റുന്നതിലുള്ള കുറ്റബോധം കൊണ്ടായിരിക്കാം അദ്ദേഹം രാജിസമർപ്പിച്ചിരിക്കുന്നത്’ -സന്ദീപ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഉപരാഷ്ട്രപതി രാജിവച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ എന്നു പറഞ്ഞ് കേന്ദ്രസർക്കാരിന് തടിയൂരാൻ കഴിയില്ല. മോദി അമിത് ഷാ അമിതാധികാര പ്രവണതയോടുള്ള പ്രതിഷേധമാണ് ഉപരാഷ്ട്രപതിയുടെ രാജി . ഈ യാഥാർത്ഥ്യം ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട്.
ഈ സംഭവം സൂചിപ്പിക്കുന്നത് മോദി അമിത് ഷാ ക്യാമ്പിൽ എല്ലാം all is well അല്ലഎന്നാണ് . രാജ്യത്തെ ഭരണഘടനാ പദവികളെ തങ്ങളുടെ കാൽച്ചുവട്ടിലെ കളിപ്പാവകളാക്കി മാറ്റാൻ മോദി - അമിത് ഷാ നടത്തുന്ന പരിശ്രമങ്ങളെ ഉപരാഷ്ട്രപതിയുടെ രാജി തുറന്നു കാണിക്കുന്നു.
ഒരുകാലത്ത് മോദിയുടെ ഏകാധിപത്യ ഭരണത്തിന്റെ കാവലാളായി രാജ്യസഭയിൽ പ്രവർത്തിച്ച ആളാണ് ജഗദീപ് ധൻകർ. 146 പ്രതിപക്ഷ എംപിമാരെയാണ് ഇദ്ദേഹം സസ്പെൻഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങളെ വിരട്ടലും അവഹേളിക്കലും ഇദ്ദേഹത്തിൻറെ പ്രധാന വിനോദമായിരുന്നു. എല്ലാം മോദിക്ക് വേണ്ടിയായിരുന്നു. യജമാനനെ തൃപ്തിപ്പെടുത്താനായിരുന്നു. എന്നാലൊടുവിൽ രാജ്യത്തോടും ഭരണഘടനയോടും ചെയ്യുന്ന കൊടിയ പാപത്തിൽ പങ്കുപറ്റുന്നതിലുള്ള കുറ്റബോധം കൊണ്ടായിരിക്കാം അദ്ദേഹം രാജിസമർപ്പിച്ചിരിക്കുന്നത്.
നിഷികാന്ത് ദുബെ പറഞ്ഞ കാര്യങ്ങൾ പ്രസക്തമാണ്. ബിജെപിയെ ജനങ്ങൾ വെറുത്തു കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ മുഴുവൻ വെറുപ്പിന്റെ കൂടാരമാക്കി ഇവർ മാറ്റി. വിലക്കയറ്റം കൊണ്ട് സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. തൊഴിലില്ലായ്മയും കാർഷിക രംഗത്തെ പ്രതിസന്ധിയും ജനങ്ങളെ കൂടുതൽ വറുതിയിലാക്കിയിരിക്കുകയാണ്. ചെറുകിട വ്യവസായ മേഖല സമ്പൂർണ്ണ തകർച്ചയിലാണ്.
ഇങ്ങനെ സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഭക്തർക്ക് ആഹ്ലാദിക്കാൻ അതിതീവ്രദേശീയത മരുന്നായി നൽകുന്നു. മൂന്നാം മോദി സർക്കാർ ഒരു സമ്പൂർണ്ണ പരാജയമായി കഴിഞ്ഞു. ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിയെ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് തുറിച്ചു നോക്കുന്നത്.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണം. അതിനുവേണ്ടിയുള്ള ഒരു വിസിൽ ബ്ലോവറായി മാറാൻ ജഗദീപ് ധൻകറിന് കഴിയട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.