കോർട്ട്നി പാമർ എന്ന അമേരിക്കൻ വീട്ടമ്മ തന്റെ ദൈനംദിന വിശേഷങ്ങളും ഭർത്താവുമൊത്തുള്ള തമാശകളുമെല്ലാം പതിവുപോലെ ടിക് ടോക് വിഡിയോ ആയി പോസ്റ്റ് ചെയ്തതായിരുന്നു. ഭർത്താവുമൊത്തുള്ള ഔട്ടിങും റസ്റ്ററൻറിൽ നിന്ന് കഴിക്കുന്നതിന്റെയും ആ വിഡിയോ പക്ഷെ ഇത്ര വലിയ സംഭവമാകുമെന്ന് അവർ നിനച്ചില്ല. ‘‘പ്രിൻസസ് ട്രീറ്റ്മെന്റി’നെ കുറിച്ച് വലിയ ചർച്ചകൾക്കാണ്, ലക്ഷക്കണക്കിന് പേർ കണ്ട പാമർ വിഡിയോ സൈബർ ലോകത്ത് തുടക്കം കുറിച്ചത്. പങ്കാളിയുടെ പരസ്യമായ കരുതലും പരിഗണനയും പരിചരണവും ആസ്വദിച്ച്, ശാന്തമായും കുലീനമായും നിശ്ശബ്ദതമായും നീങ്ങുന്ന സ്ത്രീ ശൈലിയെ ആണ് ‘പ്രിൻസസ് ട്രീറ്റ്മെന്റ്’ എന്നു വിശേഷിപ്പിക്കുന്നത്.
പാമറുടെ ‘പ്രിൻസസ് മൊമന്റ്’
കോർട്ട്നി പാമറിനെ ഒരു രാജകുമാരിയെപോലെ ഭർത്താവ് അത്താഴത്തിനായി റസ്റ്ററന്റിലേക്ക് ആനയിക്കുന്നതും വാതിൽ തുറന്നു തരുന്നതും അവർക്കു വേണ്ടി ഓർഡർ ചെയ്യുന്നതുമെല്ലാം ടിക് ടോക് വിഡിയോയിൽ കാണാം. എന്തിനധികം, പാമർക്കു വേണ്ടി ബെയററോട് സംസാരിക്കുന്നതു വരെ ഭർത്താവാണ്. അതെല്ലാം ആസ്വദിച്ച്, ഒരു രാജകുമാരിയെ പോൽ എലഗന്റായിരിക്കുന്ന പാമറേയും കാണാം. ഈ ദൃശ്യങ്ങൾ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ രണ്ടു ചേരിയായി പ്രതികരണങ്ങൾ പ്രവഹിക്കുകയാണ്. ചിലർക്കിത്, റൊമാന്റിക് പരിചരണത്തിന്റെ മനോഹരമായ ദൃശ്യങ്ങളായി അനുഭവപ്പെട്ടപ്പോൾ, ആണധികാരത്തിന്റെ അധിനിവേശമെന്നാണ് മറ്റു ചിലർ ഇതിനെ വിശകലനം ചെയ്യുന്നത്.
‘ഇതെന്റെ മൃദുവായ ജീവിതം മാത്രം’
തന്റെ വൈകാരിക സംതൃപ്തിയും സന്തോഷവും ആണ് വിഡിയോയിൽ കണ്ടതെന്നാണ് പാമർ ഇതേപ്പറ്റി വിശദീകരിക്കുന്നത്. ‘‘പ്രിൻസസ് ട്രീറ്റ്മെന്റ് എന്നത് സ്വന്തം വ്യക്തിത്വം അടിയറവെച്ച് മിണ്ടാതിരിക്കുന്നതല്ല. മറിച്ച്, ബന്ധങ്ങളുടെ മൃദുലമായ ആവിഷ്കാരവും ശാന്തതയും പരസ്പര ബഹുമാനവുമാണത്.’’ -പാമർ പീപ്പിൾ മാസികയോട് പറയുന്നു. ഈ 37 കാരിയുടെ ജീവിതശൈലിയെ പിന്തുണച്ച് ഒട്ടേറെ പേർ രംഗത്തുവരികയും ചെയ്തിട്ടുണ്ട്. കുലീന ജീവിതരീതിയും ശ്രദ്ധയോടെയുള്ള സ്ത്രൈണതയുമാണിതെന്നാണ് അവർ പറയുന്നത്.
എതിർക്കുന്നവരും അനുകൂലിക്കുന്നവരും
മനുഷ്യൻ നൂറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത ലിംഗ നീതിയെ അട്ടിമറിക്കുന്ന ‘tradwife’ (പരമ്പരാഗത ഭാര്യ) ഭാവുകത്വമാണ് പാമറുടേതെന്നാണ് ചില സ്ത്രീപക്ഷ വാദികളുടെ വാദം. മനഃപൂർവമുള്ള മൃദുഭാവത്തിലൂടെ സ്ത്രൈണതയുടെ തിരിച്ചുപിടിക്കലാണ് ഈ ‘രാജകുമാരി പരിചരണ’മെന്ന് അനുകൂലികളും വാദിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.