രാഷ്ട്രത്തോടുള്ള സ്വന്തം ഉത്തരവാദിത്തങ്ങളും കടമകളും പൗരൻമാർ മറന്നുപോകുന്ന കാലഘട്ടത്തിൽ, സേവനത്തിന്റെ ഉദാത്ത മാതൃകയുമായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ. വീട് വൃത്തിയാക്കാൻ തന്നെ ആളുകൾ മടിക്കുന്ന കാലത്ത്, തന്റെ തെരുവുതന്നെ വൃത്തിയാക്കി മാതൃക കാണിക്കുകയാണ് 88 കാരനായ ഇന്ദർജിത് സിങ് സിദ്ധു. ആനന്ദ് മഹീന്ദ്രയാണ് അദ്ദേഹം യാതൊരു മടിയുമില്ലാതെ തെരുവ് വൃത്തിയാക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സേവനത്തിന്റെ മികച്ച മാതൃകയാണിതെന്നാണ് ആനന്ദ് മഹീന്ദ്ര പ്രശംസിച്ചത്.
1964 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സിദ്ധു. അദ്ദേഹം താമസിക്കുന്നത് ചണ്ഡീഗഢിലെ 49 സെക്റ്ററിലാണ്. എന്നും രാവിലെ ആറുമണി മുതൽ അവിടത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് സിദ്ധുവാണ് ചെയ്യുന്നത്. സർക്കാർ പിന്തുണയോ മറ്റ് ഫാൻബേസോ ഒന്നുമില്ലാതെയാണ് ഈ സേവനം. എല്ലാ ദിവസവും രാവിലെ ആറുമണിക്കാണ് സിദ്ധുവിന്റെ ശുചീകരണ ജോലികൾ തുടങ്ങുന്നത്. സൈക്കിൾ റിക്ഷയിലാണ് മാലിന്യങ്ങൾ ശേഖരിക്കുക. സ്വച്ച് ഭാരത് അഭിയാന് കീഴിലെ ദേശീയ ശുചിത്വ സർവേയിൽ ഏറെ പിന്നിലാണ് ചണ്ഡീഗഢ്. പലരും അധികൃതരെ പഴി ചാരുമ്പോൾ, സിദ്ധു തന്നെകൊണ്ടാകുന്ന ജോലികൾ ചെയ്യാനിറങ്ങി. അദ്ദേഹത്തിന്റെ സേവനം ആനന്ദ് മഹീന്ദ്ര എക്സിൽ പങ്കുവെച്ചതോടെയാണ് പലരും അറിഞ്ഞത്.
''ശുചിത്വത്തിന്റെ കാര്യത്തിൽ ചണ്ഡീഗഢ് പിന്നിലാകുന്നതിൽ സിദ്ധുവിന് ഒട്ടും സന്തോഷമില്ല. എന്നാൽ പരാതികൾ പറയുന്നതിന് പകരം നടപടി സ്വീകരിക്കാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്. മെച്ചപ്പെട്ട ഒരു ലോകത്തിനായുള്ള ഈടുവെപ്പാണിത്. ലക്ഷ്യബോധത്തിന് വിരമിക്കൽ പ്രായമില്ല, സേവനത്തിന് വയസാകുന്നില്ല''-എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവെച്ചത്.
''സർവീസിൽ നിന്ന് വിരമിച്ച മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇന്ദർജിത് സിങ് സിദ്ധുവിനെ കുറിച്ച് പറയാനാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറുമണിയോടെ ചണ്ഡീഗഢിലെ 49 സെക്ടറിലെത്തുന്ന അദ്ദേഹം കർമനിരതനാകും. മറ്റ് സാമഗ്രികളൊന്നുമില്ല, ഒരു സൈക്കിൾ റിക്ഷയിലാണ് മാലിന്യം ശേഖരിക്കുന്നത്. വളരെ പതുക്കെ, അതിലേറെ ലക്ഷ്യബോധത്തോടെ അദ്ദേഹം ആ റിക്ഷ ചലിപ്പിക്കുന്നു. റോഡരികിലുള്ള മാലിന്യങ്ങൾ പെറുക്കി അതിലേക്കിടുന്നു. സ്വച്ഛ് സുരക്ഷാൻ പട്ടികയിൽ ചണ്ഡീഗഢ് പിന്നിലായതിൽ ഒട്ടും സന്തോഷിക്കുന്നില്ല അദ്ദേഹം. എന്നാൽ പരാതി പറയുന്നതിന് പകരം തന്നെ കൊണ്ടാകുന്ന കാര്യങ്ങൾ ചെയ്യാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്. യുവാക്കളുടെ ചടുലതയൊന്നുമില്ല അദ്ദേഹത്തിന്. ലക്ഷ്യബോധം മരിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പതുക്കെയാണെങ്കിലും സ്ഥിരതയുള്ള ആ ചുവടുവെപ്പുകൾ നമ്മോട് പറയുന്നത്. സേവനത്തിന് പ്രായമില്ലെന്നും...തെരുവിലെ ഈ യോദ്ധാവിന് സല്യൂട്ട്''-ആനന്ദ് മഹീന്ദ്ര കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.