വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിൽ പ്രാണി; ക്ഷമാപണവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ഫ്ലാഗ്ഷിപ്പ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിൽ നൽകിയ ഭക്ഷണത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തി. ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസിൽ ചൊവ്വാഴ്ചയാണ് സംഭവം. 22440 നമ്പര്‍ ട്രെയിനിലെ സി3 കോച്ചിലെ സീറ്റ് നമ്പര്‍ 53-ലെ യാത്രക്കാരനാണ് ദാലിൽ നിന്ന് പ്രാണിയെ കിട്ടിയത്.

കറിയിൽ നിന്ന് പ്രാണി ലഭിച്ച ഫോട്ടോ യാത്രക്കാരൻ എക്സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം ട്രെയിൻ സർവീസുകളിൽ ഒന്നായ വന്ദേഭാരതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

യാത്രക്കാരന്‍ എക്സിൽ ചിത്രം പങ്കുവെച്ചതോടെ ക്ഷമാപണം നടത്തി റെയില്‍വേ രംഗത്തെത്തി. 'ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. വിശദാംശങ്ങൾ, പി.എൻ.ആർ നമ്പർ, മൊബൈൽ നമ്പർ എന്നിവ പങ്കിടുക. വേഗത്തിലുള്ള പരിഹാരത്തിനായി നിങ്ങൾക്ക് https://railmadad.indianrailways.gov.in എന്ന വെബ്സൈറ്റിൽ പരാതികൾ അറിയിക്കാം' എന്ന് റെയിൽവേ എക്സിൽ കുറിച്ചു. റെയില്‍വേ സേവയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ക്ഷമാപണം.

ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിയാളുകളാണ് വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയത്. കാറ്ററിങ് സേവനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ശുചിത്വ ഓഡിറ്റുകള്‍ പതിവാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വന്ദേ ഭാരത് എക്സ്പ്രസിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് ചത്ത പാറ്റയെ കണ്ടെത്തിയിരുന്നു. ട്രെയിനിൽ നൽകിയ പ്രഭാത ഭക്ഷണത്തിലായിരുന്നു ചത്ത പാറ്റയെ കിട്ടിയത്. ഉടനെ ടി.ടി.ഇ ഉൾപ്പെടെയുള്ള ട്രെയിൻ ജീവനക്കാരെ സംഭവം അറിയിച്ചു.

Tags:    
News Summary - Vande Bharat Passenger Finds Insect In Train Meal, Railways Responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.