ന്യൂഡൽഹി: രാഹുലിനെ വിമർശിക്കേണ്ടത് ഇപ്പോൾ തന്റെ ചുമതലയല്ലെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുമ്പ് അത് തന്റെ ഉത്തരവാദിത്തമായിരുന്നു. ഇപ്പോൾ അത് തന്റെ ചുമതലയുടെ ഭാഗമല്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ വിമർശനം കുറച്ചത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു അവരുടെ പ്രതികരണം.
രാഹുൽ ഗാന്ധി തനിക്കെതിരായ 2024ലെ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നുവെങ്കിൽ താൻ എന്തായാലും അദ്ദേഹത്തെ തോൽപ്പിക്കുമായിരുന്നു. എന്നാൽ, രാഹുൽ അമേത്തിയിൽ നിന്ന് മത്സരിച്ചില്ല. ഗാന്ധി കുടുംബം 2024ലെ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ തയാറായില്ല. യുദ്ധഭൂമി ഇറങ്ങാൻ പോലും തയാറാകാത്ത അവരോട് താനെന്ത് പറയാനാണ്. എനിക്ക് അവരെ പിന്തുടരാനാവില്ലെന്നും ഇന്ത്യ ടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു.
അമേത്തി ജയിക്കാൻ അത്ര എളുപ്പമുള്ള സീറ്റല്ല. മുതിർന്ന നേതാവ് ശരത് യാദവ് ഇവിടെ തോറ്റിട്ടുണ്ട്. മനേക ഗാന്ധി വരെ അമേത്തിയിൽ തോൽവി അറിഞ്ഞിട്ടുണ്ട്. ബുദ്ധിയുള്ള ഒരു നേതാവും അമേത്തി പോലുള്ള ഒരു സീറ്റ് തെരഞ്ഞെടുക്കില്ല. 2019ൽ ഒരിക്കലും സാധ്യമല്ലാത്തത് താൻ യാഥാർഥ്യമാക്കിയെന്ന് സ്മൃതി ഇറാനി പറഞ്ഞു.
രാഷ്ട്രീയം വിടുകയാണെന്ന റിപ്പോർട്ടുകൾ സ്മൃതി ഇറാനി തള്ളി. കോൺഗ്രസ് പ്രസിഡന്റിനെ പരാജയപ്പെടുത്തിയതിന് ശേഷം താൻ കൂടുതൽ പരിഹാസത്തിന് ഇരയായെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. രാഷ്ട്രീയത്തിൽ നിന്നും താൻ ഇപ്പോൾ വിരമിക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. 49ാം വയസിൽ ആരെങ്കിലും രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുമോ. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ അമേത്തിയിൽ നിന്ന് മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.