ന്യൂഡൽഹി: 1972 ലെ സെൻട്രൽ സിവിൽ സർവീസസ് റൂൾസ് പ്രകാരം അനുസരിച്ച് വയോധികരായ മാതാപിതാക്കളെ പരിപാലിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾക്ക് 60 ദിവസം വരെ അവധിയെടുക്കാൻ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കഴിയുമെന്ന് കേന്ദ്രസഹമന്ത്രി. രാജ്യസഭാ എം.പി സുമിത്ര ബാൽമികിന്റെ ചോദ്യത്തിന് ഉത്തരമായാണ് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യം അറിയിച്ചത്.
1972 ലെ സെൻട്രൽ സിവിൽ സർവീസസ് റൂൾസ് പ്രകാരം മറ്റ് അർഹതയുള്ള അവധികൾക്ക് പുറമെ, കേന്ദ്രസർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി, 20 ദിവസത്തെ കാഷ്വൽ അവധി, രണ്ട് ദിവസത്തെ വാർഷിക അവധി എന്നിവ അനുവദിക്കുന്നുണ്ട്. പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾക്ക് അത് ഉപയോഗിക്കാമെന്നും കേന്ദ്രമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
1972 ജൂൺ ഒന്നുമുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഇതു പ്രകാരം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭ്യമായ വിവിധ അവധികളെ പട്ടികപ്പെടുത്തുന്നുണട്. അതിൽ ആർജിത അവധി, അർധ ശമ്പള അവധി, പ്രസവാവധി, പിതൃത്വ അവധി, കുട്ടികളെ ദത്തെടുക്കാൻ അവധി, ജോലി സംബന്ധമായ അസുഖവും പരിക്കും മൂലമുള്ള അവധി, നാവികരുടെ അവധി, വകുപ്പുതല അവധി, പഠന അവധി എന്നിവ ഉൾപ്പെടുന്നു.
ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന് ഒരു 'ലീവ് അക്കൗണ്ട്' ഉണ്ട്. ലീവ് എടുക്കുമ്പോൾ ഈ അക്കൗണ്ടിൽ നിന്ന് അത് കുറയും. എന്നാൽ പ്രസവാവധി, പിതൃത്വാവധി, ശിശു സംരക്ഷണ അവധി തുടങ്ങിയ 'പ്രത്യേക തരം അവധികൾ' അക്കൗണ്ടിൽ ഡെബിറ്റ് ചെയ്യപ്പെടുന്നില്ല. ആവശ്യം വരുമ്പോൾ അനുവദിക്കുകയും ചെയ്യുന്നു.1972 ലെ നിയമങ്ങൾ പ്രകാരം ചിലതരം അവധികൾ അവധി ദിവസങ്ങളുമായോ മറ്റ് തരത്തിലുള്ള അവധികളുമായോ ഒരുമിച്ച് ചേർക്കാനും അനുവദിക്കുന്നു. അതുപോലെ, ഒരു മാസം ചെയ്ത സേവനത്തിന് ജീവനക്കാരന് 2.5 ദിവസത്തെ ആർജിത അവധിയും നൽകും.
അതുപോലെ, രണ്ടുകുട്ടികളിൽ കുറവുള്ള വനിത ജീവനക്കാരിക്ക് 180 ദിവസത്തെ പ്രസവാവധിയും അനുവദിച്ചിട്ടുണ്ട്. 15ദിവസമാണ് പിതൃത്വ അവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.