വർഷങ്ങളായി വേദന അനുഭവിക്കുന്നു, ജീവിതം വീൽചെയറിൽ; രാഷ്ട്രപതിയോട് ദയാവധത്തിന് അഭ്യർഥിച്ച് അധ്യാപിക

ഇൻഡോർ: തളർവാതം മൂലം വർഷങ്ങളായി ശാരീരികവേദന അനുഭവിക്കുന്നതിനാൽ ദയാവധത്തിന് അനുമതി അഭ്യർഥിച്ച് യുവതി. മധ്യപ്രദേശ് സ്വദേശിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായുമായ കുമാരി ചന്ദ്രകാന്ത ജെഠാനിയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് ദയാവധത്തിന് അനുമതി തേടിയത്. ദയാവധത്തിന് കത്തിലൂടെയാണ് അനുമതി തേടിയത്.

തളർവാതം പിടിപെട്ടതിനെ തുടർന്ന് ജീവിതം വീൽചെയറിലാണെന്നും ഉപജീവന മാർഗത്തിനായി അധ്യാപികയായി ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നും യുവതി അറിയിച്ചു. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർവരെ ജോലിചെയ്യുന്നത് കഠിനമായ ശാരീരിക വേദനകൾക്ക് ഇടയാക്കുന്നുണ്ടെന്നും ജീവിതം വളരെ ദുസ്സഹമാണെന്നും രാഷ്ട്രപതിക്കുള്ള കത്തിൽ ഉൾപെടുത്തിയിരുന്നു. സഹിക്കാനാവാത്ത കഷ്ടപ്പാടുകൾ അനുഭവിക്കുകയാണെന്നും അധികാരികളിൽ നിന്നും മതിയായ പിന്തുണകൾ ലഭിക്കുന്നില്ല എന്നും കത്തിൽ ആരോപിക്കപ്പെടുന്നു.

തന്റെ സ്വത്തുവകകള്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംഭാവന ചെയ്തിട്ടുണ്ട്. മരണാനന്തരം അവയവദാനത്തിനും മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ആശുപത്രി വാസത്തിനിടെയുണ്ടായ മെഡിക്കൽ അശ്രദ്ധയാണ് ജെഠാനിയുടെ ആരോഗ്യനില വഷളാക്കിയതെന്ന് ആരോപിക്കപ്പെടുന്നു.

തെറ്റായ മരുന്നുകൾ നൽകിയതാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് നയിച്ചതെന്ന് അവർ അവകാശപ്പെടുന്നു. പിന്നീട് ആശ്രമത്തിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അവിടുത്തെ ജീവിതവും ദുസ്സഹമാവുകയായിരുന്നു. ഈ കാരണങ്ങളാൽ ദയാവധത്തിന് അനുമതി തേടുന്നുവെന്നാണ് കത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.

Tags:    
News Summary - madhya pradesh teacher seeks euthanasia from president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.