മുംബൈ: സി.പി.എമ്മിന്റെ ദേശക്കൂറ് ചോദ്യംചെയ്തും രാജ്യത്തിനകത്തെ മാലിന്യം, അന്തരീക്ഷ മലിനീകരണം, മലിനജലം, പ്രളയം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധനൽകാൻ ഉപദേശിച്ചും ബോംബെ ഹൈകോടതി. ഗസ്സയിലെ മനുഷ്യക്കുരുതിക്കെതിരെ ജൂൺ 17ന് നടത്താനിരുന്ന പ്രതിഷേധ റാലിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ സി.പി.എം നൽകിയ ഹരജി തള്ളവേ ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അൻഖഡ് എന്നിവരുടെ ബെഞ്ചാണ് ഇങ്ങനെ പറഞ്ഞത്.
രാജ്യത്ത് ഏറെ വിഷയങ്ങൾ നിലനിൽക്കെ എന്തിനാണ് ആയിരം മയിലുകൾക്കപ്പുറമുള്ള വിഷയത്തിൽ പ്രതിഷേധിക്കുന്നത്. ഫലസ്തീനെയോ ഇസ്രായേലിനെയോ പിന്തുണക്കുമ്പോൾ രാജ്യത്തിന്റെ വിദേശകാര്യ നയത്തെ അതെങ്ങനെയാണ് ബാധിക്കുകയെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. നിങ്ങൾക്ക് ഹ്രസ്വദൃഷ്ടിയാണുള്ളത്. ഇത് ദേശസ്നേഹമല്ല. ദേശസ്നേഹം കാണിക്കൂ -കോടതി പറഞ്ഞു.
കോടതി പരാമർശത്തെ അപലപിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ പ്രസ്താവനയിറക്കി. പാർട്ടിയുടെ ദേശസ്‌നേഹത്തെ ചോദ്യംചെയ്യുംവിധം കോടതി പരിധി ലംഘിച്ചുവെന്നും, രാഷ്‌ട്രീയ പാർട്ടിയുടെ അവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടന വ്യവസ്ഥകളെപ്പറ്റിയോ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെപ്പറ്റിയോ സ്വതന്ത്ര പലസ്‌തീൻ എന്ന ആവശ്യത്തിനും പലസ്‌തീൻ ജനതയ്‌ക്കും നാം നൽകിവരുന്ന ഐക്യദാർഢ്യത്തെപ്പറ്റിയോ ബെഞ്ചിന് അറിവില്ലാത്തത് വിരോധാഭാസമാണെന്നും പി.ബി പ്രസ്‌താവനയിൽ പറഞ്ഞു.
കേന്ദ്രസർക്കാരിനോടുള്ള വ്യക്തമായ രാഷ്‌ട്രീയ പക്ഷപാതിത്വമാണ് കോടതിയുടെ നിരീക്ഷണങ്ങൾ വെളിവാക്കുന്നത്. 1940ൽ മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും പിന്നീട് സ്വതന്ത്ര ഇന്ത്യയും പിന്തുടർന്ന വിദേശ നയവും പലസ്‌തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും മാതൃരാജ്യത്തിനുമുള്ള അവകാശത്തെ പിന്തുണയ്‌ക്കുന്നതാണെന്ന വസ്‌തുത കോടതി അവഗണിച്ചു. ഇസ്രയേൽ നടപടിയെ ആഗോള സമൂഹം അപലപിക്കുന്നതും ഐക്യരാഷ്‌ട്ര സംഘടനയുടെ വിവിധ ഏജൻസികൾ, അന്താരാഷ്‌ട്ര നീതിന്യായകോടതി എന്നിവയുടെ പ്രഖ്യാപിത നിലപാടുകളപ്പറ്റിയും കോടതിക്ക് ഇനിയും മനസ്സിലായിട്ടില്ലെന്നും പി.ബി. പ്രസ്‌താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.