വിദ്യാർഥി ആത്മഹത്യകൾ അത്യന്തം ദുഃഖകരം; വിദ്യാലയങ്ങൾക്ക് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യയിൽ വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ആത്മഹത്യകൾ കുറക്കുന്നതിനെ ലക്ഷ്യമിട്ട് 15 മാർഗ നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് കോടതി. പഠന സമ്മർദം, പരീക്ഷാ സമ്മർദം, സ്ഥാപനപരമായ പിന്തുണയുടെ അഭാവം എന്നിവയെല്ലാം വിദ്യാർഥികളുടെ ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ആത്മഹത്യകളിലെ അസ്വാഭാവിക വർധനവ് 'അവഗണിക്കാൻ കഴിയാത്ത വ്യവസ്ഥാപിത പരാജയം' എന്നാണ് കോടതി വിശേഷിപ്പിച്ചത്.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, സ്വകാര്യ കോച്ചിങ് സെന്ററുകൾ, പരിശീലന അക്കാദമികൾ, ഹോസ്റ്റലുകൾ എന്നിവക്ക് ബാധകമാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധിത മാനസികാരോഗ്യ കൗൺസിലിങ്, പ്രവർത്തനപരമായ പരാതി പരിഹാര സംവിധാനങ്ങൾ, മേൽനോട്ടം തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്ന് മാർഗ നിർദേശങ്ങൾ ആവശ്യപ്പെടുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമുള്ള പദവി ഉപയോഗിച്ചാണ് കോടതി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പാർലമെന്റോ സംസ്ഥാന നിയമസഭകളോ ഉചിതമായ നിയമനിർമ്മാണം നടത്തുന്നതുവരെ ആർട്ടിക്കിൾ 141 പ്രകാരമുള്ള ഉത്തരവ് നിയമമായി പ്രാബല്യത്തിൽ തുടരുമെന്നും കോടതി പ്രസ്താവിച്ചു.

2023 ജൂലൈയിൽ വിശാഖപട്ടണത്തെ ആകാശ് ബൈജൂസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്നതിനിടെ ആത്മഹത്യ ചെയ്ത 17 വയസ്സുള്ള നീറ്റ് വിദ്യാർഥിയുടെ കേസ് പരിഗണിക്കെയാണ് വിധി. കുട്ടിയുടെ പിതാവിന്റെ ഹരജിയിൽ സുപ്രീം കോടതി, ആന്ധ്രാപ്രദേശ് ഹൈകോടതി നേരത്തെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കുകയും കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) കൈമാറുകയും ചെയ്തു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റ പ്രകാരം 2022 ൽ ഇന്ത്യയിൽ 170,924 ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 7.6 ശതമാനം (ഏകദേശം 13,044 എണ്ണം) വിദ്യാർഥികളാണ്. ഇതിൽ 2,200 ൽ അധികം പേർ പരീക്ഷകളിൽ പരാജയപ്പെട്ടതിനെതുടർന്ന് ആത്മഹത്യ ചെയ്തവരാണ്. 2001ൽ വിദ്യാർഥി ആത്മഹത്യകൾ 5,425 ആയിരുന്നു. ഓരോ 100 ആത്മഹത്യകളിലും എട്ട് എണ്ണം വിദ്യാർഥികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സുപ്രീം കോടതി പുറപ്പെടുവിച്ച പ്രധാന മാർഗ നിർദേശങ്ങൾ

  • മാനസികാരോഗ്യ വിദഗ്ധരുടെ സേവനം: 100ൽ കൂടുതൽ വിദ്യാർഥികളുള്ള സ്ഥാപനങ്ങളിൽ യോഗ്യതയുള്ള ഒരു മാനസികാരോഗ്യ വിദഗ്ധനെയെങ്കിലും (സൈക്കോളജിസ്റ്റ്, കൗൺസിലർ, അല്ലെങ്കിൽ സോഷ്യൽ വർക്കർ) നിയമിക്കണം . ചെറിയ സ്ഥാപനങ്ങൾക്ക് പുറത്തുള്ള വിദഗ്ധരുമായി റഫറൽ സംവിധാനങ്ങൾ ഉണ്ടായിരിക്കണം.
  • ഹെൽപ്പ്‌ലൈനുകൾ: ടെലി-മനസ് ഉൾപ്പെടെയുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകൾ കാമ്പസുകൾ, ഹോസ്റ്റലുകൾ, പൊതു ഇടങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവിടങ്ങളിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണം.
  • വേർതിരിവ് അവസാനിപ്പിക്കണം: കോച്ചിങ് സെന്ററുകളും സ്കൂളുകളും പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ബാച്ച് വേർതിരിവ്, പരസ്യമായ അധിക്ഷേപം, മുതലായവ ഒഴിവാക്കണം.
  • ജീവനക്കാർക്ക് പരിശീലനം: എല്ലാ സ്റ്റാഫുകൾക്കും വർഷത്തിൽ രണ്ടുതവണയെങ്കിലും പരിശീലനം നൽകണം. എസ്‌.സി, എസ്ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, എൽ.ജി.ബി.ടി.ക്യു+ വിദ്യാർഥികൾ, വൈകല്യമുള്ളവരും, മാനസികാഘാതം നേരിട്ടവരുമായ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുമായി ഇടപഴകുന്നതിന് പ്രത്യേക പരിശീലനം നിർബന്ധമാണ്.
  • സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങൾ: സ്വയം ഉപദ്രവിക്കുന്നത് തടയാൻ സ്ഥാപനങ്ങൾ ടാംപർ പ്രൂഫ് സീലിങ് ഫാനുകൾ സ്ഥാപിക്കുകയും മേൽക്കൂരയിലേക്കും ബാൽക്കണിയിലേക്കും പ്രവേശനം നിയന്ത്രിക്കുകയും വേണം.
  • റിപ്പോർട്ടിങ് & പിന്തുണ സംവിധാനങ്ങൾ: ലൈംഗികാതിക്രമം, റാഗിങ്, ജാതി, ലിംഗം, മതം, എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം മുതലായവ റിപ്പോർട്ട് ചെയ്യുന്നതിനായി സ്ഥാപനങ്ങൾക്ക് രഹസ്യ സംവിധാനങ്ങൾ ഉണ്ടായിരിക്കണം. ഒപ്പം അടിയന്തര മാനസിക-സാമൂഹിക പിന്തുണയും നൽകണം.
  • സമഗ്ര വികസനം: വിജയത്തിന്റെ നിർവചനങ്ങൾ വികസിപ്പിച്ചും, പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചും, വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള കരിയർ കൗൺസിലിങ് ഉറപ്പാക്കിയും പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദം കുറക്കാൻ നടപടികൾ സ്വീകരിക്കണം.

പാർലമെന്റോ സംസ്ഥാന നിയമസഭകളോ സമഗ്രമായ ഒരു നിയമ ചട്ടക്കൂട് നടപ്പിലാക്കുന്നതുവരെ ഈ മാർഗ നിർദേശങ്ങൾ തുടരും. സ്വകാര്യ കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് മാസത്തിനുള്ളിൽ നിയമങ്ങൾ രൂപീകരിക്കണം.

വിദ്യാർഥികളുടെ മാനസികാരോഗ്യത്തിൽ ദേശീയ ടാസ്‌ക് ഫോഴ്‌സ് കൈവരിച്ച പുരോഗതി, സംസ്ഥാന അധികാരികളുമായുള്ള ഏകോപനം, സ്വീകരിച്ച നടപടികൾ എന്നിവ വിശദീകരിക്കുന്ന സത്യവാങ്മൂലം 90 ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ സമർപ്പിക്കണം.

Tags:    
News Summary - Supreme Court issues guidelines to curb student suicides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.