ന്യൂഡൽഹി: ബിഹാറിലെ ‘വോട്ടു ബന്ദി’ എന്ന വോട്ടർപട്ടിക തീവ്ര പരിശോധനയിൽ ചർച്ച ആവശ്യപ്പെട്ട് ഇൻഡ്യ എം.പിമാർ പ്രതിഷേധം കനപ്പിച്ച് പാർലമെന്റിന്റെ ഇരുസഭകളും വെള്ളിയാഴ്ചയും സ്തംഭിപ്പിച്ചതോടെ വർഷകാല സമ്മേളനത്തിന്റെ ആദ്യവാരം ഒലിച്ചുപോയി.
‘വോട്ടു ബന്ദി’ അനുവദിക്കില്ലെന്നാവർത്തിച്ച പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണ് വർഷകാല സമ്മേളനത്തിന്റെ ആദ്യവാരം അജണ്ടകളിലേക്ക് കടക്കാനാകാതെ കടന്നുപോയത്. പതിവിൽ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഗാന്ധി പ്രതിമ മാറ്റിസ്ഥാപിച്ച ‘പ്രേരണാ സ്ഥലി’ൽ എത്തിയ ഇൻഡ്യ എം.പിമാർ അവിടെ ധർണ നടത്തി തുടർന്ന് ശക്തിപ്രകടനവുമായി പാർലമെന്റ് കവാടത്തിലേക്ക് വരുകയായിരുന്നു. ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ എസ്.ഐ.ആർ എന്ന് എഴുതിയ പോസ്റ്ററുകളേന്തി പ്രകടനമായി വന്ന് പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ച ശേഷം ഇൻഡ്യ നേതാക്കളും എം.പിമാരും എസ്.ഐ.ആർ (പ്രത്യേക തീവ്ര പരിശോധന) പ്രതീകാത്മകമായി വലിച്ചുകീറി ചവറ്റുകുട്ടയിലിട്ടു. ഇതിനായി മുഖ്യകവാടത്തിന് മുന്നിൽ ചവറ്റുകുട്ടയും സ്ഥാപിച്ചിരുന്നു.
പാർലമെന്റ് ചേരാൻ പത്ത് മിനിറ്റ് മാത്രം അവശേഷിക്കേ പുറത്തെ പ്രതിഷേധം അവസാനിപ്പിച്ച് ഇരുസഭകളിലേക്കും കയറിയ എം.പിമാർ ‘വോട്ടു ബന്ദി’ ചർച്ച ചെയ്യാതെ സഭ നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിഷേധം അവിടെയും തുടർന്നു. രാജ്യസഭയിൽ പ്രമുഖ തെന്നിന്ത്യൻ നടൻ കമൽഹാസൻ, തമിഴ് നോവലിസ്റ്റും എഴുത്തുകാരിയുമായ രാജാത്തി സൽമ അടക്കം നാലു പേരുടെ സത്യപ്രതിജ്ഞ നടന്ന ശേഷമായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ആദ്യം 12 മണിവരെ നിർത്തിവെച്ച് വീണ്ടും വിളിച്ചുചേർത്തപ്പോൾ പ്രതിഷേധം തുടർന്നു. അതോടെ തിങ്കളാഴ്ചത്തേക്ക് രാജ്യസഭ പിരിയുകയാണെന്ന് ഉപാധ്യക്ഷൻ ഹരിവൻശ് അറിയിച്ചു. ലോക്സഭയിൽ പ്രതിഷേധം അവസാനിപ്പിച്ച് സഭാ നടപടികൾ നടത്താൻ അനുവദിക്കണമെന്ന സ്പീക്കറുടെ ആവർത്തിച്ചുള്ള അഭ്യർഥന ചെവിക്കൊള്ളാതെ പ്ലക്കാർഡുകളേന്തി മുദ്രാവാക്യം വിളിച്ച് അംഗങ്ങൾ സഭ സ്തംഭിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.