ന്യൂഡൽഹി: 2022ലെ വിനായക് ദാമോദർ സവർക്കർക്കെതിരായ പരാമർശങ്ങളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ നടപടികൾക്കുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി.
കേസിൽ രാഹുലിന്റേതായ ഒരു കത്ത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നാല് ആഴ്ച കഴിഞ്ഞ് കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.
പരാതിക്കാരനായ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെക്ക് ആവശ്യപ്പെട്ട സമയത്ത് മറുപടി സമർപ്പിക്കാൻ ബെഞ്ച് അനുമതി നൽകി. സംസ്ഥാന സർക്കാരും മറ്റുള്ളവരും സമർപ്പിച്ച മറുപടികളിൽ രണ്ടാഴ്ചക്കുള്ളിൽ മറുപടി സമർപ്പിക്കാൻ രാഹുലിനും അനുമതി നൽകി.
രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ നൽകിയ ഹരജിയെ എതിർത്ത യു.പി സർക്കാർ, വിദ്വേഷം പ്രചരിപ്പിക്കാനുള്ള മുൻകൂട്ടി ആസൂത്രണം ചെയ്ത ശ്രമമാണ് സവർക്കെതിരായ ആരോപണങ്ങൾ എന്ന് വാദിച്ചു. ഏപ്രിൽ 24ന് സുപ്രീംകോടതി പുറപ്പെടുവിച്ച നോട്ടീസിന് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഗാന്ധിക്കെതിരെ പുറപ്പെടുവിച്ച സമൻസ് റദ്ദാക്കാൻ നിരസിച്ച അലഹബാദ് ഹൈകോടതിയുടെ 2025 ഏപ്രിൽ 4ലെ തീരുമാനത്തെ യു.പി സർക്കാർ പിന്തുണച്ചിരുന്നു.
രാഹുലിന്റെ പരാമർശങ്ങൾ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്താനും പൊതു ഐക്യം തകർക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന പരാതിക്കാരനായ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെയുടെ വാദത്തെ യു.പി സർക്കാർ സത്യവാങ്മൂലത്തിൽ പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.