ഗ്രാമീണ തൊഴിലുറപ്പ് ഡാറ്റയിൽ നിന്ന് ബംഗാളിനെ ഒഴിവാക്കി; കേന്ദ്രത്തിനെതിരെ ജയറാം രമേശ്

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം (എം‌.ജി‌.എൻ.‌ആർ.‌ഇ‌.ജി.‌എ) സംസ്ഥാനാടിസ്ഥാനത്തിലുള്ള കുടിശ്ശികകൾ വിശദീകരിക്കുന്ന ഡാറ്റയിൽനിന്ന് പശ്ചിമ ബംഗാളിനെ ഒഴിവാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തെ കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദ്യം ചെയ്തു.

ഇതിനെ അസാധാരണവും അസ്വീകാര്യവുമെന്ന് വിശേഷിപ്പിച്ച രമേശ്, ഗ്രാമീണ തൊഴിൽ പദ്ധതി പ്രകാരം കുടിശ്ശികയുള്ള ഫണ്ടുകളെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയോൺ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിലേക്ക് വിരൽ ചൂണ്ടി.

2023-24 നും 2024-25 നും ഇടയിൽ എം‌.ജി‌.എൻ.‌ആർ.‌ഇ‌.ജി.‌എ പ്രകാരം രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടോ എന്ന് ഒബ്രിയോൺ അന്വേഷിച്ചിരുന്നു. ഒരു കുടുംബത്തിന് ശരാശരി തൊഴിൽ ദിനങ്ങൾ 7.1 ശതമാനവും ഒരു വ്യക്തിയുടെ ശരാശരി പ്രവൃത്തി ദിനങ്ങൾ 43 ശതമാനവും കുറഞ്ഞതായും മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ  2022 മുതലുള്ള വേതനമടക്കമുള്ള വിവരങ്ങൾ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശ അടിസ്ഥാനത്തിൽ വർഷം തിരിച്ചുള്ള ഫണ്ടുകളുടെ വിശദാംശങ്ങൾ നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. എം‌.ജി‌.എൻ.‌ആർ.‌ഇ‌.ജി.‌എ വേതന വർധനവ് സർക്കാർ പരിഗണിക്കുന്നുണ്ടോ എന്നും എം.പി ആരാഞ്ഞു. 

സംസ്ഥാന-കേന്ദ്രഭരണ പ്രദേശം തിരിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ഒരു രേഖാമൂലമുള്ള മറുപടി സമർപിച്ചു.  അതിൽ 33 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഡാറ്റ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും പശ്ചിമ ബംഗാൾ ആ പട്ടികയിൽ ഇല്ലായിരുന്നു.

ഇതെ തുടർന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒഴിവാക്കലിനെ കുറിച്ച് ആശങ്കകൾ ഉന്നയിച്ചു. പാർലമെന്റിൽ ബംഗാളിന്റെ പ്രത്യേക ഡാറ്റ തടഞ്ഞുവെക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെ ഇത് സൂചിപ്പിക്കുന്നു. ഒഴിവാക്കിയതിന് ഗ്രാമവികസന മന്ത്രാലയമോ മന്ത്രി ചൗഹാനോ ഒരു വിശദീകരണവും നൽകിയിട്ടില്ല. തൃണമൂലിൽ നിന്നും ഉടനടി പ്രതികരണം ഉണ്ടായിട്ടില്ല. 

Tags:    
News Summary - 'Unacceptable': Jairam calls out Centre for omitting Bengal from MGNREGA data in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.