ന്യൂഡൽഹി: രാജ്യസഭംഗമായി സത്യപ്രതിജ്ഞ ചെയ്ത കമൽഹാസന് ആശംസകളുമായി മകൾ ശ്രുതി ഹാസൻ. ഒരു തെന്നിന്ത്യൻ താരവും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ (70) ഇന്ന് രാവിലെയാണ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.
പുതിയ ലോകത്തിലേക്കുള്ള താങ്കളുടെ ചുവടുവെപ്പിന്‍റെ അടയാളമാണ് രാജ്യസഭാംഗത്വമെന്നും ആ ശബ്ദം എന്നെന്നേക്കുമായി സഭകളിൽ പ്രതിധ്വനിക്കുന്നത് കാണട്ടെയെന്നുമാണ് ഗായികയും നടിയുമായ ശ്രുതി ഹാസൻ ആശംസിച്ചത്. എല്ലായ്‌പ്പോഴും താങ്കൾ സന്തോഷവാനായിരിക്കണമെന്നും ആഗ്രഹിക്കുന്നതെല്ലാം നേടാൻ കഴിയട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ ശ്രുതി ഹാസൻ കുറിപ്പ് അവസാനിക്കുന്നത്.
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിക്കുമെന്നും കമൽ ഹാസൻ പറഞ്ഞിരുന്നു. രാവിലെ തമിഴിൽ ആയിരുന്നു കമൽഹാസൻ സത്യപ്രതിജ്ഞ ചെയ്തത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് ഡി.എം.കെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.
ജൂൺ ആറിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വി.സി.കെ. നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമൽ ഹാസൻ നാമനിർദേശ പത്രിക നൽകിയത്. കമലിന് പുറമെ മറ്റ് അഞ്ച് പേർ കൂടി കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.