അഞ്ചു വർഷത്തിനിടെ മോദി സന്ദർശിച്ചത് 33 രാജ്യങ്ങൾ; ചെലവ് 362 കോടി!

ന്യൂഡൽഹി: 2021നും 2025നും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകൾക്കായി സർക്കാറിന് വന്ന ചെലവിന്റെ കണക്കുകൾ പുറത്തുവിട്ട് രാജ്യസഭ.  ഈ മാസം ആദ്യം അഞ്ച് രാജ്യങ്ങളിലേക്ക് നടത്തിയ പര്യടനം വരെയുള്ള വിദേശ സന്ദർശനങ്ങൾക്കായി 362 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് നൽകിയ ഡാറ്റ വ്യക്തമാക്കുന്നു. തൃണമൂൽ എം.പി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിന് മറുപടിയായാണ് വിശദാംശങ്ങൾ നൽകിയത്.

2025ൽ മാത്രം അമേരിക്കയിലേക്കും ഫ്രാൻസിലേക്കുമുള്ള ഉന്നതതല യാത്രകൾ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള മോദിയുടെ സന്ദർശനത്തിനായി 67 കോടിയിലധികം രൂപ ചെലവഴിച്ചു.  ഡാറ്റ പ്രകാരം, 2025ലെ ഏറ്റവും ചെലവേറിയ യാത്ര ഫ്രാൻസിലേക്കായിരുന്നു. ഇതിന് 25 കോടിയിലധികം രൂപയായി. തൊട്ടുപിന്നാലെ 16 കോടിയിലധികം രൂപയിൽ അമേരിക്കയിലേക്കുള്ള യാത്ര. മൗറീഷ്യസ്, സൈപ്രസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അധിക സന്ദർശനങ്ങളുടെ കണക്കുകൾ ഇപ്പോഴും തീർപ്പുകൽപ്പിച്ചിട്ടില്ലെന്ന് രേഖ വ്യക്തമാക്കുന്നു.

2023ൽ 93 കോടിയോളം രൂപ ചെലവായി. അതേസമയം 2022ലും 2021ലും യഥാക്രമം 55.82 കോടി രൂപയും 36 കോടി രൂപയും ആയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024ൽ റഷ്യ, യുക്രെയ്ൻ എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിലായി 109 കോടി രൂപ ചെലവഴിച്ചതായി ഡാറ്റ വെളിപ്പെടുത്തി. 15.3 കോടി രൂപ ചെലവഴിച്ച് സെപ്റ്റംബർ 21ന് ആരംഭിച്ച മൂന്ന് ദിവസത്തെ യു.എസ് പര്യടനമായിരുന്നു ആ വർഷത്തെ ഏറ്റവും ചെലവേറിയത്. ജി 7 ഉച്ചകോടിക്കായി ഇറ്റലിയും സന്ദർശിച്ചു. ഇതിന് 14.36 കോടി രൂപ ചെലവായി.

2021ലും 2022ലും പ്രധാനമന്ത്രി 10 യാത്രകളിലായി 14 രാജ്യങ്ങൾ സന്ദർശിച്ചു. രണ്ട് വർഷത്തിനുള്ളിൽ കേന്ദ്രം 90 കോടിയിലധികം രൂപ നൽകി. കോവിഡ് മഹാമാരിക്കുശേഷം 2021ൽ പ്രധാനമന്ത്രി മൂന്ന് യാത്രകളിലായി ബംഗ്ലാദേശ്, യു.എസ്, ഇറ്റലി, യു.കെ എന്നിവ സന്ദർശിച്ചു. 

2021, 2023, 2024, 2025 വർഷങ്ങളിൽ മോദി യു.എസിലേക്ക് യാത്ര ചെയ്തു. അതിനാകെ 74.41 കോടി രൂപ ചെലവായി. 2025ലെ തായ്‌ലൻഡ്, ശ്രീലങ്കൻ സന്ദർശനത്തിന് 9 കോടി രൂപയിലധികവും സൗദി അറേബ്യയിലേക്കുള്ള യാത്രക്കു മാത്രം ഖജനാവിന് 15.54 കോടി രൂപയും ചെലവായി.

എന്നാൽ, ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കുള്ള യാത്ര മോദിക്ക് വെട്ടിക്കുറക്കേണ്ടിവന്നു. ആസൂത്രണം ചെയ്ത രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. 

ഈ വർഷം ഫ്രാൻസിൽ മോദിക്ക് കുറഞ്ഞത് ഒമ്പത് പരിപാടികളെങ്കിലും ഉണ്ടായിരുന്നു. അതിൽ മാർസെയിലിലെ പുതിയ ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ഘാടനവും മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശനവും ഉൾപ്പെടുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും ചർച്ചകൾ നടത്തി. യു.എസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മോദി ഉഭയകക്ഷി ചർച്ചകളും തുടർന്ന് അത്താഴവും നടത്തി. ഇലോൺ മസ്‌ക് ഉൾപ്പെടെയുള്ള അമേരിക്കൻ ഉന്നതരുമായും ഉദ്യോഗസ്ഥരുമായും നിരവധി കൂടിക്കാഴ്ചകൾ നടത്തി.

Tags:    
News Summary - 5 yrs, 33 foreign trips: Modi’s global outreach cost exchequer Rs 362 cr between 2021 & 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.