representative image
ലഖ്നോ: 1960ൽ ബംഗ്ലാദേശിൽനിന്ന് അഭയാർഥികളായി വന്ന 2196 കുടുംബങ്ങൾക്ക് ഉത്തർ പ്രദേശിലെ പിലിഭിത്ത് ജില്ലയിയിൽ ഭൂവുടമാവകാശം. ഇതിന് മുഖ്യമന്ത്രി നിർദേശം നൽകിയതായും ഔപചാരിക നടപടിക്രമങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും ജില്ല മജിസ്ട്രേറ്റ് ഗ്യാനേന്ദ്ര സിങ് പറഞ്ഞു.
ആറുപതിറ്റാണ്ട് മുമ്പുതന്നെ അവർക്ക് സർക്കാർ ഭൂമി അനുവദിച്ചതാണ്. പിലിഭിത്തിലെ 25 ഗ്രാമങ്ങളിലാണ് ഇവർ കൃഷിയും മറ്റും ചെയ്ത് ജീവിക്കുന്നത്. എന്നാൽ, ഭൂമിയുടെ രേഖകൾ നൽകിയിരുന്നില്ല. ഇതുകൊണ്ടുതന്നെ സർക്കാറിന്റെ ക്ഷേമപദ്ധതികൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
പതിറ്റാണ്ടുകളായി ഇന്ത്യൻ മണ്ണിൽ ഇന്ത്യക്കാരായി തന്നെയാണ് ജീവിക്കുന്നതെങ്കിലും ഭൂമി അവകാശത്തിനായുള്ള കാത്തിരിപ്പ് സഫലമാകുന്നത് ഇപ്പോഴാണ്.
പട്ന: ബിഹാറിലെ വോട്ടർ പട്ടികയിൽ നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർ വ്യാപകമായി കടന്നു കൂടിയതായി റിപ്പോർട്ട്. സംസ്ഥാനത്തെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിശോധന നടപടി പുരോഗമിക്കുന്നതിനിടെയാണ് കണ്ടെത്തൽ. ഇതെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ നിന്ന് ഇവരുടെ പേരുകൾ ഉൾപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
ജൂൺ 25നാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക പരിശോധന തുടങ്ങിയത്. ജൂലൈ 26 വരെ പരിശോധന തുടരും. അനർഹരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടാണെന്ന് പറഞ്ഞായിരുന്നു നടപടി തുടങ്ങിയത്. ബിഹാറിലെ ജനങ്ങൾ പൗരത്വം തെളിയിക്കാനുള്ള 11 രേഖകൾ നിർബന്ധമായും ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ നിഷ്‍കർഷിച്ചിരുന്നു. അതിൽ നിന്ന് ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും അടക്കമുള്ള രേഖകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐഡി കാർഡും ഉൾപ്പെടെയുള്ളവ രേഖകളായി പരിഗണിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകിയിരിക്കുകയാണ്. മറുപടി നൽകാൻ ജൂലൈ 21 വരെ തെരഞ്ഞെടുപ്പ് കമീഷന് സമയവും അനുവദിച്ചു. അതേസമയം, ആധാർ കാർഡ് വ്യക്തിത്വം തെളിയിക്കാനുള്ള രേഖ മാത്രമാണെന്നും പൗരത്വമോ ജനനതീയതിയോ തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കാണാൻ കഴിയില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ വാദം.
നിലവിൽ സർക്കാർ ജീവനക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമടക്കമുള്ള 77,000 ബൂത്ത്തല ഓഫിസർമാരാണ് ബിഹാറിലെ 7.8 കോടിയോളം വരുന്ന വോട്ടർമാരുടെ പട്ടിക പരിശോധിക്കുന്നത്.
അതിനിടെ, വിദേശ പൗരൻമാരെയടക്കം വോട്ടർ പട്ടികയിൽ തിരുകിക്കയറ്റി അവരെ വോട്ട്ബാങ്കാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നതെന്ന് ബി.ജെ.പിയുടെ ഐ.ടി സെൽ വിഭാഗം മേധാവി അമിത് മാളവ്യ ആരോപിച്ചു. ഇവരുടെ പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനായി ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളും അവരുടെ ചെണ്ട കൊട്ടുന്ന മാധ്യമപ്രർത്തകരും യൂട്യൂബർമാരും എൻ.ജി.ഒകളും തെരഞ്ഞെടുപ്പ് കമീഷനിൽ നിരന്തരം സമ്മർദം ചെലുത്തുകയാണെന്നും മാളവ്യ ആരോപിച്ചു. അതേസമയം, വോട്ടർമാരുടെ പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ആരാണ് അധികാരം നൽകിയതെന്ന് വിമർശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.