അഹമ്മദാബാദ് വിമാനാപകടം, 'കിട്ടിയത് മറ്റാരുടെയോ മൃതദേഹം'; ബ്രിട്ടിഷ് മാധ്യമ റിപ്പോർട്ടിൽ പ്രതികരിച്ച് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച രണ്ട് യു.കെ പൗരന്മാരുടെ മൃതദേഹങ്ങൾക്ക് പകരം ലഭിച്ചത് മറ്റാരുടെയോ മൃതദേഹമെന്ന് അഭിഭാഷകൻ. ലണ്ടനിലെത്തിയ മൃതദേഹം അവിടെ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മരിച്ച വിദേശ പൗരന്റെ സാമ്പിളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. ഇപ്പോഴിതാ ബ്രിട്ടിഷ് മാധ്യമ റിപ്പോർട്ടിൽ പ്രതികരിക്കുകയാണ് ഇന്ത്യ.

റിപ്പോര്‍ട്ട് കണ്ടുവെന്നും ആശങ്കകളും പ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയ നിമിഷം മുതല്‍ യു.കെയുമായി ബന്ധപ്പെട്ടുവെന്നും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. കേന്ദ്രസർക്കാർ നിലവിലുള്ള ചിട്ടവട്ടങ്ങളും സാങ്കേതിക നടപടികളും അനുസരിച്ചാണ് പരിശോധന പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മൃതദേഹങ്ങളും അതീവ ശ്രദ്ധയോടും അന്തസ്സോടും കൂടിയാണ് കൈകാര്യം ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.

മരിച്ച ആളുടെ കുടുംബത്തിന് ലഭിച്ച പെട്ടിയിലെ മൃതദേഹം മറ്റൊരു യാത്രക്കാരന്റെ ഭൗതികാവശിഷ്ടങ്ങളുമായി കലർത്തിയ രീതിയിലുള്ളതായിരുന്നു. ഇതേ തുടർന്ന് കുടുംബത്തിന് ശവസംസ്‌കാരം ഉപേക്ഷിക്കേണ്ടി വന്നതായും അഭിഭാഷകൻ പറഞ്ഞു. രണ്ടാമത്തെ മൃതദേഹത്തിൽ ഒന്നിലധികം പേരുടെ ഒന്നിച്ചുചേർന്ന അവശിഷ്ടങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനാൽ സംസ്കാരത്തിന് മുമ്പ് അവ വേർപെടുത്തേണ്ടി വന്നു. തിരിച്ചയച്ച ബ്രിട്ടീഷുകാരുടെ ഡി.എൻ.എയും കുടുംബങ്ങൾ നൽകിയ സാമ്പിളുകളും തമ്മിൽ പൊരുത്തപ്പെടുത്തി അവരുടെ ഐഡന്റിറ്റി പരിശോധിക്കാൻ ഇന്നർ വെസ്റ്റ് ലണ്ടൻ കൊറോണർ ഡോ. ഫിയോണ വിൽകോക്സ് ശ്രമിച്ചപ്പോഴാണ് തെറ്റുകൾ പുറത്തുവന്നതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജൂൺ 12നാണ് സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ AI171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായ 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിന് കാരണം വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ കട്ട് ഓഫിലേക്ക് മാറ്റിയതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ചവരിൽ പല വിദേശികളെയും ഇന്ത്യയിൽ തന്നെയാണ് സംസ്കരിച്ചത്. അവരിൽ 12 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയത്.

Tags:    
News Summary - Ahmedabad plane crash: India responds to British media report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.