വ്യാജ സ്റ്റാമ്പുകൾ, കറൻസി, നയതന്ത്ര ലൈസൻസ് പ്ലേറ്റുകൾ; എട്ട് വർഷമായി വ്യാജ എംബസി നടത്തിയ അംബാസഡർ പിടിയിൽ

ലഖ്നോ: 'വെസ്റ്റ് ആർട്ടിക്ക' എന്ന രാജ്യത്തിന്റെ പേരിൽ പേരിൽ ഉത്തർപ്രദേശിൽ വ്യാജ എംബസി പ്രവർത്തിപ്പിച്ചിരുന്ന അംബാസഡറെ പിടികൂടി. വെസ്റ്റ് ആർട്ടിക്കയുടെ ബാരൺ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ എന്നയാളെയാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയത്. ഗാസിയാബാദിലെ കവി നഗർ പ്രദേശത്തെ ഒരു ആഡംബര ബംഗ്ലാവിൽ നിന്നാണ് ഹർഷവർധനെ പിടികൂടിയത്.

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതാണ് പ്രധാന കുറ്റം. എംബസി കെട്ടിടവളപ്പിൽ പാർക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉള്ള ആഡംബര കാറുകൾ എസ്.ടി. എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ടു വർഷമായി പ്രവർത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ഓഫിസിൽനിന്ന് വ്യാ​ജ പാസ്പോർട്ടുകൾ, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, 44 ലക്ഷം രൂപ, വിദേശ കറൻസി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ഗാസിയാബാദിൽ ഒരു ഇരുനില കെട്ടിടം വാടകക്കെടുത്താണ് എംബസി പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിനുളളിൽ ഹർഷവർധൻ രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു പ്രമുഖർ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോ​ഗിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിന് 2011ൽ ജെയിനിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറച്ച് ദിവസം മുമ്പ് വെസ്റ്റ് ആർക്ടിക്ക എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറലിന്റെ ഫോട്ടോകൾ എന്ന പേരിൽ ജെയിനിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു.

കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി വാദിക്കുന്ന അമേരിക്കൻ ലാഭേച്ഛയില്ലാത്ത സംഘടനയും അന്റാർട്ടിക്കയിലെ അംഗീകൃതമല്ലാത്ത ഒരു മൈക്രോനേഷനുമാണ് വെസ്റ്റ് ആർട്ടിക്ക. ഒരു സ്വതന്ത്ര രാഷ്ട്രത്തിലോ പരമാധികാര രാഷ്ട്രത്തിലോ ആണെന്ന് പ്രതിനിധികൾ അവകാശപ്പെടുന്ന, എന്നാൽ ഏതെങ്കിലും പരമാധികാര രാഷ്ട്രത്തിന്റെ നിയമപരമായ അംഗീകാരമില്ലാത്ത ഒരു രാഷ്ട്രീയ സ്ഥാപനമാണ് മൈക്രോനേഷൻ. യു.എസ് നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ട്രാവിസ് മക്‌ഹെൻറി 2001ലാണ് വെസ്റ്റ് ആർട്ടിക്ക എന്ന രാജ്യം സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗ്രാൻഡ് ഡ്യൂക്കായി ട്രാവിസ് സ്വയം പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - Fake stamps, currency, diplomatic license plates: How a man ran fake embassy for 'West Arctica' from Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.