ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതിന് തൊട്ടുമുമ്പ് ജഗ്ദീപ് ധൻഖർ രാഷ്ട്രപതി ഭവൻ സന്ദർശിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച വൈകീട്ടാണ് ധൻഖർ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാനെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ധൻഖർ രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറിയത്. അതുകഴിഞ്ഞ് അരമണിക്കൂറിനു ശേഷം താൻ ഉപരാഷ്ട്രപതി സ്ഥാനം രാജിവെക്കുകയാണെന്ന് അദ്ദേഹം എക്സിൽ പോസ്റ്റിടുകയും ചെയ്തു.
''പ്രിയപ്പെട്ട രാഷ്ട്രപതി, എന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനുമായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67(എ) പ്രകാരം ഉടനടി പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഞാന്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നു''-എന്നാണ് ധൻഖർ എക്സിൽ കുറിച്ചത്. 2022 ആഗസ്റ്റിലാണ് 74കാരനായ ധൻഖർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. 2027ലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക.
പാർലമെന്റിലെ വർഷകാല സമ്മേളനം തുടങ്ങിയ ആദ്യദിവസമാണ് രാജ്യസഭ ഉപാധ്യക്ഷൻ കൂടിയായ ധൻഖറിന്റെ രാജി പ്രഖ്യാപനം. ആരോഗ്യകാരണങ്ങളല്ല മറ്റെന്തൊക്കെയോ ആണ് ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചതെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
കേന്ദ്രസർക്കാറുമായി ധൻഖർ നല്ല ബന്ധത്തിലല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉന്നതപദവിയിലുള്ള ഒരാൾ പടിയിറങ്ങുമ്പോൾ, കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് നല്ലവാക്കുകളൊന്നും ഉണ്ടായില്ല. ഉപരാഷ്ട്രപതിയുടെ രാജി കേന്ദ്രസർക്കാറിന് സന്തോഷം നൽകുന്ന ഒന്നാണിതെന്ന സൂചനയാണ് ഇത് നൽകുന്നതെന്നും പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, പക്ഷം പിടിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ വർഷം ഇംപീച്ച്മെന്റിന് നോട്ടീസ് നൽകിയ പ്രതിപക്ഷം മാത്രമാണ് ഉപരാഷ്ട്രപതി രാജിവെച്ചപ്പോൾ മയമുള്ള വാക്കുകൾ പറഞ്ഞത്.
ധൻഖറിന്റെ രാജിയെ കുറിച്ച് പ്രതികരിക്കാനും കേന്ദ്രസർക്കാർ സമയമെടുത്തു. ധൻഖർ രാജിക്കാര്യം എക്സിൽ കുറിച്ച് 15മണിക്കൂറും 18 മിനിറ്റും പിന്നിട്ടപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതെ കുറിച്ച് പ്രതികരിക്കുന്നത്.
അതിനിടെ, രാജിവെക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ധൻഖർ സ്വീകരിച്ച സുപ്രധാന നിലപാടാണ് അദ്ദേഹം പടിയിറങ്ങുന്നതിന് കാരണമാക്കിയതെന്നും റിപ്പോർട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ തുടങ്ങാനുള്ള പ്രതിപക്ഷത്തിന്റെ നിർദേശം തിങ്കളാഴ്ച ധൻഖർ അംഗീകരിച്ചു. ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസർക്കാറിനെ മുൻകൂട്ടി അറിയിച്ചുമില്ല. അതേസമയം, പ്രതിപക്ഷ എം.പിമാരിൽ നിന്നുൾപ്പെടെ ഒപ്പുകൾ ശേഖരിച്ച് ജസ്റ്റിസ് വർമയെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയായിരുന്നു കേന്ദ്രസർക്കാർ. അത് മറികടന്ന് ധൻഖർ തിടുക്കത്തിൽ നടപടി സ്വീകരിച്ചതാണ് കേന്ദ്രത്തിന്റെ അപ്രീതിക്ക് കാരണമെന്നും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.