കാസർകോട്: പെരിയ കേന്ദ്രസർവകലാശാല കേരളയിൽനിന്ന് വിദ്യാർഥിനികളെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട ഹിന്ദി അധ്യാപകൻ നൽകിയ മാനനഷ്ടകേസിൽ മുൻ വൈസ് ചാൻസലർ പ്രഫ. ജി. ഗോപകുമാറും രജിസ്ട്രാറായിരുന്ന ഡോ. രാധാകൃഷ്ണൻനായരും ഇപ്പോഴത്തെ രജിസ്ട്രാർ ഡോ. മുരളീധരൻ നമ്പ്യാരും ഹോസ്ദുർഗ് കോടതിയിൽ ഹാജരായി. അസോ. പ്രഫ. ഡോ. സി.പി.വി. വിജയകുമാരൻ നൽകിയ ഹാരജിയിലാണ് ആറ് എതിർകക്ഷികളിൽ മൂന്നുപേർ ഹാജരായത്.
അതിനിടെ, വിരമിച്ചവർക്ക് കോടതിയിൽ ഹാജരാകുന്നതിന് സർവകലാശാല വാഹനം അനുവദിച്ചത് വിവാദമായി. ഹിന്ദി വകുപ്പിൽ അസോ. പ്രഫസറായി 2017 ജൂൺ 12നാണ് വിജയകുമാരൻ പ്രവേശിച്ചത്. അഭിമുഖത്തിൽ ഉൾപ്പെടെ എ.പി.ഐ സ്കോറിൽ വിജയകുമാരൻ മുന്നിലായിരുന്നിട്ടും റാങ്ക് തടയുന്നതിന് വൈസ്ചാൻസലർ ജി. ഗോപകുമാർ വിജയകുമാരന്റെ സ്കോർ വെട്ടികുറച്ചു. ഇതിനെതിരെ വിജയകുമാരൻ കേരള ഹൈകോടതിയിൽനിന്ന് വിധി സമ്പാദിച്ചാണ് ജോലിയിൽ പ്രവേശിച്ചത്.
കോടതി വിധിയുമായി ജോലിക്കുകയറിയ വിജയകുമാരനെ പുറത്താക്കാൻ അദ്ദേഹത്തിന്റെ ക്ലാസിലെ വിദ്യാർഥിനികളിൽനിന്ന് പീഡനപരാതി എഴുതി വാങ്ങി. സ്വപ്നനായർ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാരസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം ഇല്ലാതെ വിജയകുമാരനെതിരെ നടപടിക്ക് ശിപാർശ ചെയ്തു. തുടർന്ന് വി.സി. ഗോപകുമാർ അദ്ദേഹത്തെ 2017 നവംബർ 30ന് പിരിച്ചുവിട്ടു. പിരിച്ചുവിടലിനെതിരെ വിജയകുമാർ ഹൈകോടതിയിൽ കേസ് കൊടുത്തു. വിധി എതിരായപ്പോൾ സുപ്രീം കോടതിയിൽനിന്ന് 2020ൽ അനുകൂലവിധി സമ്പാദിച്ചു.
പുറത്താക്കപ്പെട്ട കാലത്തെ ശമ്പളം ഉൾപ്പെടെ മുഴുവൻ ആനുകൂല്യങ്ങളും വാങ്ങിയ വിജയകുമാരൻ, പീഡന ആരോപണം സൃഷ്ടിച്ചതിനെതിരെ ഹോസ്ദുർഗ് കോടതിയിൽ പരാതി നൽകി. രണ്ട് ക്ലാസുകളിലായി 39 പി.ജി വിദ്യാർഥികളെ പീഡിപ്പിച്ചുവെന്ന ആരോപണം തന്നെ പുറത്താക്കാൻ ഗൂഡാലോചന നടത്തി സൃഷ്ടിച്ചതാണെന്ന് ആരോപിച്ചുകൊണ്ടാണ് ഹരജി സമർപിച്ചത്. ഈ കേസിന്റെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്.
ഹാജരാകാതിരിക്കാൻ എതിർ കക്ഷികൾ പരമാവധി ശ്രമിച്ചുവെങ്കിലും കോടതിയുടെ കർശന നിർദേശത്തെതുടർന്ന് എത്തുകയായിരുന്നു. പിരിച്ചുവിട്ടത് ഔദ്യോഗിക നടപടിയുടെ ഭാഗമാണെന്നാണ് എതിർ കക്ഷികൾ കോടതിയിൽ വാദിച്ചത്. വിരമിച്ചവർ എതിർ കക്ഷികളായ കേസിൽ സർവകലാശാലയുടെ വാഹനം ഉപയോഗിച്ചതിനെതിരെയും നിയമ നടപടിയെടുക്കുമെന്ന് വിജയകുമാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.