തിരുവനന്തപുരം: ഈ വര്ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. 1,034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണ് പട്ടികയിലുള്ളത്. 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്ജെൻഡർമാരും ഇതിൽ ഉൾപ്പെടുന്നു. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു.
2020ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം 2023 ഒക്ടോബറിലും 2024 ജൂലൈയിലും വോട്ടർപട്ടിക പുതുക്കിയിരുന്നു. 2023 ഒക്ടോബറിലെ കരട് വോട്ടർ പട്ടികയിൽ 2,76,70,536 പേരും അന്തിമ പട്ടികയിൽ 2,68,51,297 പേരുമാണുണ്ടായിരുന്നത്. കഴിഞ്ഞ ജൂലൈയിൽ പുതുക്കിയ കരട് വോട്ടർപട്ടികയിൽ 2,68,57,023 വോട്ടർമാരുണ്ടായിരുന്നു. അന്തിമ പട്ടികയിൽ 2,66,72,979 പേരും. അതുപ്രകാരം ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടികയിൽ 5277 വോട്ടർമാർ കൂടുതൽ വന്നിട്ടുണ്ട്.
കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും കമീഷന്റെ sec.kerala.gov.in എന്ന വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും. ആഗസ്റ്റ് ഏഴുവരെ പേര് ചേർക്കാൻ അവസരമുണ്ടാകും.
2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്സായവർക്ക് പേര് ചേർക്കാം. പേര് ചേർക്കാനും (ഫോറം 4) അപേക്ഷ, ഉൾക്കുറിപ്പ് തിരുത്താനും (ഫോറം 6), സ്ഥാനമാറ്റം വരുത്താനും (ഫോറം 7) കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപം (ഫോറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കുകയും വേണം. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.