ഗോവിന്ദച്ചാമിയെ വിയ്യൂർ ജയി​ലിലേക്ക് മാറ്റും; ജയിൽ ചാട്ടത്തിന് കേസെടുത്തു

കണ്ണൂർ: ജയിൽചാട്ടത്തിന് പിന്നാലെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ അതീവ സുരക്ഷയു​ള്ള വിയ്യൂർ ജയിലിലേക്ക് മാറ്റാൻ ആലോചന. കോടതിയുടെ അനുമതിയോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ ജയിൽ ചാടിയതിന് ഗോവിന്ദച്ചാമിക്കെതിരെ എഫ്.ഐ.​ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ ചോദ്യം ചെയ്തതിന് ശേഷം ഗോവിന്ദച്ചാമിയെ കണ്ണൂർ ജയിലിൽ ഹാജരാക്കും.

രണ്ടുദിവസത്തിനകം ഗോവിന്ദച്ചാമി​​യെ വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. ഇത്തരം തടവുകാരെ പാർപ്പിക്കുന്നതിനായി വിയ്യൂരിൽ പ്രത്യേക സുരക്ഷയുള്ള സെല്ലുകളുണ്ട്. 14 വർഷമായി കണ്ണൂരിലെ ജയിലിലാണ് ഗോവിന്ദച്ചാമി കഴിയുന്നത്. തന്നെ കണ്ണൂർ ജയിലിൽ നിന്ന് മാറ്റണമെന്ന് നേരത്തേ ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് നിരാഹാര സമരമടക്കം നടത്തിയിരുന്നു.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ ജയിലിലെ ഹെഡ് വാർഡൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

കണ്ണൂർ നഗരത്തിലെ തളാപ്പിൽ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്. പൊലീസും ജയിൽ അധികൃതരും നാട്ടുകാരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.

പുലർച്ചെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു. കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Tags:    
News Summary - Govindachamy will be transferred to Viyyur jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.