കൊച്ചി: ഔട്ടർ ബണ്ട് പൊട്ടി വെള്ളക്കെട്ടിലായ ആലപ്പുഴ കുട്ടനാട് കൈനകരി നിവാസികളുടെ ദുരിതം വിവരിക്കുന്ന കത്ത് സ്വമേധയാ പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച് നടപടിക്ക് ഉത്തരവിട്ട് ഹൈകോടതി. സ്കൂളിന്റെ പ്രവർത്തനം മുടങ്ങിയതടക്കം കാണിച്ച് കുട്ടമംഗലം എസ്.എന്.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി.ആർ. ബിന്ദു അയച്ച കത്താണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് പരിഹാരനടപടി സ്വീകരിക്കാൻ കലക്ടർക്ക് കോടതി നിർദേശം നൽകി. പ്രദേശത്തെ സമാനപ്രശ്നങ്ങളുടെ പരിഹാരത്തിനും ഇടപെടുമെന്ന് വ്യക്തമാക്കിയ കോടതി, പരിശോധന നടത്തി റിപ്പോർട്ട് നൽകാനും നിർദേശിച്ചു. വിഷയത്തിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെയും നിയമിച്ചു. 1938ൽ സ്ഥാപിതമായ സ്കൾ മഴപെയ്താൽ വെള്ളത്തിലാവുന്ന അവസ്ഥയാണെന്ന് കത്തിൽ പറയുന്നു.
കനത്ത മഴയെത്തുടർന്ന് മേയ് ഒമ്പതിനാണ് ഔട്ടർ ബണ്ട് തകർന്നത്. മാസങ്ങളായി സ്കൂളും വീടുകളുമടക്കം വെള്ളക്കെട്ടിലാണ്. പകർച്ചവ്യാധി ഭീഷണിയടക്കം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. സ്കൂളടക്കം കെട്ടിടങ്ങൾ തകർച്ച ഭീഷണിയിലാണ്. വിദ്യാർഥികൾക്ക് പഠനവും നടക്കുന്നില്ല. അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഇല്ലാത്തതിനാലാണ് കോടതിക്ക് കത്തയച്ചത്. വിദ്യാഭ്യാസ, കൃഷി ഉദ്യോഗസ്ഥർ, കൈനകരി പഞ്ചായത്ത് സെക്രട്ടറി, പാടശേഖര സമിതി സെക്രട്ടറി എന്നിവരെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കാനാണ് കോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.