ഒറ്റപ്പാലം: ഒറ്റപ്പാലത്ത് റെയിൽപാളത്തിൽ അപകടകരമായ രീതിയിൽ ഇരുമ്പ് ക്ലിപ്പുകൾ ഘടിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ്, റെയിൽവേ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ കിട്ടിയില്ല. അന്വേഷണം ഊർജിതമാക്കിയതായി സംഭവം അന്വേഷിക്കുന്ന പൊലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) അധികൃതർ അറിയിച്ചു.
സംഭവത്തിൽ അട്ടിമറിശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂർ മേൽപാലം പരിസരത്തെ പാളത്തിലാണ് അഞ്ച് ഇ.ആർ ക്ലിപ്പുകൾ കണ്ടെത്തിയത്. വിവിധയിടങ്ങളിലായി പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിച്ച നിലയിലായിരുന്നു ഇരുമ്പ് ക്ലിപ്പുകൾ.
ഞായറാഴ്ച വൈകീട്ട് ഇതുവഴി കടന്നുപോയ എറണാകുളം മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റിന് തോന്നിയ സംശയമാണ് വൻ ദുരന്തം ഒഴിവാക്കിയത്. പാലക്കാട് ഭാഗത്തേക്കുള്ള പാളത്തിൽ എന്തോ കയറ്റിവെച്ചതുപോലെ തോന്നിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലീസും ആർ.പി.എഫും പരിശോധന നടത്തിയത്.
അഞ്ച് ഇരുമ്പ് ക്ലിപ്പുകളാണ് കണ്ടെത്തിയത്. സാമാന്യം ഉറപ്പുള്ള ഇരുമ്പ് ക്ലിപ്പുകളായതിനാൽ അപകടസാധ്യത ഏറെയായിരുന്നെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റെയിൽവേ മേൽപാലം പരിസരം വിജനമായതിനാൽ ക്ലിപ്പുകൾ ഘടിപ്പിച്ചത് ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. 2023 സെപ്റ്റംബറിൽ കേരള എക്സ്പ്രസിന് നേരെ കല്ലേറ് നടന്നതും ഇതേ സ്ഥലത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.