'മാധ്യമം പത്രം മുന്നിലേക്ക് വെച്ച് വി.എസ് ചോദിച്ചു, 'ഇത് ശരിയാണോ..?, ഈ രേഖ ഇത്രവേഗം എങ്ങനെ കിട്ടി'; വി.എസ് ഓര്‍മകള്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍ പി.ടി നാസർ

കോഴിക്കോട്: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എസ്.എഫ്.ഐയുടെ സമരപന്തലിലേക്ക് വി.എസ് രാത്രിയിൽ ഓടിയെത്തിയതും, എ.ഡി.ബി കരാറിന്റെ കോപ്പിയുമായി വി.എസിന് മുന്നിലേക്ക് പോയതും, അഭിമുഖമെടുക്കാൻ ചെന്നപ്പോഴുണ്ടായ ചില മറക്കാനാവാത്ത അനുഭവവുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി.നാസർ.

യു.ഡി.എഫ് ഭരണകാലത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ എസ്.എഫ്.ഐ തുടരുന്ന രാപകൽ സമരം സർക്കാർ ഗൗനിക്കാതെ മുന്നോട്ടുപോകുന്ന സമയത്താണ് വി.എസ് അച്യുതാനന്ദൻ സമരപന്തലിലെത്തി കിടുന്നുറങ്ങി സർക്കാറിന്റെ ഉറക്കം കെടുത്തിയത്.

"സമരനേതാക്കളെ വകഞ്ഞുമാറ്റി, ഒരു ബെഡ്ഷീറ്റ് മാത്രം അധികം വിരിച്ച് വി.എസ്.ചാഞ്ഞു. അതോടെ സർക്കാറും സി.പി.എമ്മും ഇളകി. സമരപ്പന്തലിൽ കിടക്കരുതെന്ന് അഭ്യർത്ഥനകളെത്തി. വിദ്യാർഥികളെ ചർച്ചക്ക് വിളിക്കാമെന്ന് സർക്കാർ. സമരം ഏറ്റെടുക്കുന്നെന്ന് പാർട്ടി. "ഞാനൊന്നുറങ്ങട്ടെ, നേരമായി" എന്ന് വി.എസ്.

പതിനൊന്നര മണിയോടെ ബ്യൂറോയിലെത്തി. അര മണിക്കൂർകൂടി കഴിഞ്ഞപ്പോൾ കുറ്റി(ഹാരിസ് കുറ്റിപ്പുറം) വന്നു പടം തന്നു. വി.എസ്. സുഖമായി ഉറങ്ങുന്നപടം. ഒന്നും അദ്ദേഹത്തെ അലട്ടുന്നില്ല. സുന്ദരമായ ഉറക്കം. പിറ്റേന്ന് സിറ്റി എഡിഷനിൽ വലിയ ബോക്സ് വാർത്ത " വി.എസ്. ഉറങ്ങിയപ്പോൾ പാർട്ടി ഉണർന്നു "- പി.ടി.നാസർ ഫേസ്ബുക്കിൽ കുറിച്ചു.

എ.ഡി.ബി ലോണിനെപറ്റി വിമർശനാത്മകമായി വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ  വാർത്ത സ്രോതസ് തേടി വി.എസ് നേരിട്ട് വിളിപ്പിച്ച അനുഭവമാണ് രണ്ടാത്തേത്.

"എട്ടരക്കുമുമ്പായി എത്തുമ്പോൾ, ഇന്ത്യൻ എക്സ്പ്രസ്സും, ഹിന്ദുവും ദേശാഭിമാനിയും, മധ്യമവും വായിച്ചുവെച്ച് ഇരിക്കുകയാണ് വി.എസ്. ആ നാല് പത്രങ്ങളിലുമാണ് എ.ഡി.ബി ലോണിനെപറ്റി വിമർശനാത്മകമായി വാർത്തയുള്ളത്. എന്തോ കാരണവശാൽ ദേശാഭിമാനി ആ ദിവസം അത് അത്ര സമഗ്രമായി ഫോളോ ചെയ്തിട്ടില്ല. ചർച്ച നടക്കുന്നു എന്നേയുള്ളൂ. മാധ്യമത്തിൽ കരാറിൻ്റെ പ്രധാന വ്യവസ്ഥകളുമുണ്ട്. " ഇത് ശരിയാണോ "- പത്രം നീക്കിവച്ചു കൊണ്ട് വി.എസ് ചോദിച്ചു. കരാർ കൈവശമുണ്ട് എന്നു പറഞ്ഞ് അത് കാണിച്ചു കൊടുത്തു. മറിച്ചു നോക്കി വി.എസ് തിരിച്ചുതന്നുകൊണ്ട് ചോദിച്ചു: "ഈ രേഖ ഇത്രവേഗം എങ്ങനെ കിട്ടി". അതിൻ്റെ ലിങ്കിൽപോയതും പ്രിൻ്റടുത്ത് രാത്രി തന്നെ ബൈൻ്റ് ചെയ്തതും പറഞ്ഞു: "ഉം. നിങ്ങളൊക്കെ നിങ്ങളുടെ പണി ചെയ്യുന്നു " എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഫോൺ എടുത്തു. പിന്നാലെ ദേശാഭിമാനിയിലെ ആരെയോ വിളിച്ചുവരുത്തി എന്ന് പിന്നീടറിഞ്ഞു." 

മാധ്യമം മുൻ ഫോട്ടോ എഡിറ്റർ ഹാരിസ് കുറ്റിപ്പുറം വരച്ച ചിത്രം

പി.ടി.നാസറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

"മാധ്യമം തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറാണ്. ഫോട്ടോഗ്രാഫറായി കുറ്റിയുണ്ട്. ഹാരിസ് കുറ്റിപ്പുറം. താമസവും രണ്ടാളും ഒരുമിച്ചു തന്നെ. ജനറൽ ആശുപത്രിറോഡിൽ സ്റ്റാച്ചുവിന് നേരെ താഴെയാണ് ബ്യൂറോ. ഒരു നോട്ടപ്പാട് അകലമേയുള്ളൂ സെക്രട്ടറിയേറ്റിലേക്ക്. അക്കാലം യു.ഡി.എഫിൻ്റെ ഭരണമാണ്. എസ്.എഫ്. ഐ സമരം ചെയ്യുന്നുണ്ട്. സർക്കാർ അതത്ര ഗൗനിക്കുന്നില്ല. സെക്രട്ടറിയേറ്റിനുമുന്നിൽ പന്തലുകെട്ടി രാവും പകലും സമരമായി. സർക്കാർ അനങ്ങുന്നില്ല.

ഒരു ദിവസം, രാത്രിയൊരു എട്ടുമണി കഴിഞ്ഞുകാണും. ബ്യൂറോയിൽ കാര്യമായ തിരക്കൊന്നുമില്ല. അല്ലറ ചില്ലറ ലോക്കൽ വാർത്തകളൊക്കെ നോക്കിത്തീർത്തു. വേണമെങ്കിൽ ഇറങ്ങാം എന്ന മട്ടിലിരിക്കുമ്പോഴുണ്ട് ഹാരിസ് ഓടിവരുന്നു : "വേഗം ഇറങ്ങ്, വി.എസ്. സമരപ്പന്തലിലേക്ക് വരുന്നു, ഇപ്പോഴെത്തും". ഓടിയിറങ്ങി. അവൻ്റെ ബൈക്കിനു പിന്നിൽ ഇരിക്കും മുമ്പ് സമരപന്തലിലെത്തി. വി.എസുമെത്തി. സമര നേതാക്കളോടു സംസാരിച്ചു. കുറച്ചുനേരം അവിടെയിരുന്നു. പിന്നെ കൂടെവന്ന ആരെയോ വിളിച്ച്, അവിടെ വിരിച്ച കിടക്കകൾക്കിടയിൽ സൗകര്യമുണ്ടാക്കാൻ പറഞ്ഞു. ഞാൻ ഹാരിസിൻ്റെ ചെവിട്ടിൽ മന്ത്രിച്ചു: "മൂപ്പരിവിടെ കിടക്കും". അവൻ പറഞ്ഞു: "സമരം ജയിക്കും".

സമരനേതാക്കളെ വകഞ്ഞുമാറ്റി, ഒരു ബെഡ്ഷീറ്റ് മാത്രം അധികം വിരിച്ച് വി.എസ്.ചാഞ്ഞു. അതോടെ സർക്കാറും സി.പി.എമ്മും ഇളകി. സമരപ്പന്തലിൽ കിടക്കരുതെന്ന് അഭ്യർത്ഥനകളെത്തി. വിദ്യാർത്ഥികളെ ചർച്ചക്ക് വിളിക്കാമെന്ന് സർക്കാർ. സമരം ഏറ്റെടുക്കുന്നെന്ന് പാർട്ടി. "ഞാനൊന്നുറങ്ങട്ടെ, നേരമായി" എന്ന് വി.എസ്

പതിനൊന്നര മണിയോടെ ബ്യൂറോയിലെത്തി. അര മണിക്കൂർകൂടി കഴിഞ്ഞപ്പോൾ കുറ്റിവന്നു പടം തന്നു. വി.എസ്. സുഖമായി ഉറങ്ങുന്നപടം. ഒന്നും അദ്ദേഹത്തെ അലട്ടുന്നില്ല. സുന്ദരമായ ഉറക്കം. പിറ്റേന്ന് സിറ്റി എഡിഷനിൽ വലിയ ബോക്സ് വാർത്ത " വി.എസ്. ഉറങ്ങിയപ്പോൾ പാർട്ടി ഉണർന്നു " . നേരം വെളുത്തതോടെ സമരപ്പന്തലിൻ്റെ അന്തരീക്ഷം മാറി. വി.എസിൻ്റെ സമരമായി.... എൻ്റെ ആദ്യത്തെ വി.എസ് അനുഭവം.

എ.ഡി.ബി ലോണിനുവേണ്ടി യു.ഡി.എഫ് സർക്കാറിൻ്റെ ചീഫ് സെക്രട്ടറിയും ഫിനാൻസ് സെക്രട്ടറിയും വിദേശത്ത് പോയി നെഗോഷിയേഷൻ നടത്തുന്നകാലം. മനോരമ, ദീപിക തുടങ്ങി പല പത്രങ്ങളിലും ലോണിൻ്റെ ഗുണം വിവരിക്കുന്ന പരമ്പരകൾ വരുന്നു. ദേശാഭിമാനി ലോണിന് എതിരാണ്. ബ്യൂറോ ചീഫ് ഗോപൻജി ഒരു ദിവസം പറഞ്ഞു: "എ.ഡി.ബി. ലോൺ കാര്യമായി നോക്കണം. അത് മാത്രം നോക്കിയാലും മതി".

ആദ്യമൊരു പേടിയുണ്ടായിരുന്നു. മൂന്നുനാലു ദിവസം കൊണ്ട് വിവരങ്ങൾ കിട്ടിത്തുടങ്ങി. "മാധ്യമം" ഗൗരവത്തിൽ നോക്കുന്നുണ്ട് എന്നറിഞ്ഞതോടെ സഹായങ്ങളും വന്നു തുടങ്ങി. ലോസെക്രട്ടറിയേറ്റിലെ ചില കേന്ദ്രങ്ങൾ ഹിൻ്റ് തരും. വല്ല രേഖകളും വായിക്കാനുണ്ടെങ്കിൽ സഹായിക്കും വിശദീകരിച്ചുതരും. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലെ ബ്യൂറോ ചീഫ് ഉദയകുമാറും ദി ഹിന്ദുവിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റ് റോയി മാത്യുവും കൂടെ നിർത്തി. രണ്ടു പേരും ദിവസവും രാവിലെ മാധ്യമം വായിച്ച്, എ.ഡി.ബി വാർത്തയിലെ കുറവുകളും വീഴ്ചകളും പറഞ്ഞു തരും. ഉദയകുമാർ എ.ഡി.ബി വാർത്തയുമായി ബന്ധപ്പെട്ട് എങ്ങോട്ട് ഇറങ്ങിയാലും കൂടെക്കൂട്ടും. റോയ് മാത്യൂ ജോലി തീർത്ത് ഇറങ്ങുംമുമ്പ് വിളിച്ച് " ഇന്നെന്തെങ്കിലും കിട്ടിയോ എന്ന് ചോദിക്കും. അദ്ദേഹത്തിന് കിട്ടിയ പുതിയ വിവരങ്ങൾ പറഞ്ഞു തരും.

ഒരു ദിവസം വൈകുന്നേരം റോയ് മാത്യു വിളിച്ചു പറഞ്ഞു, "ഞാൻ മെയിലിൽ കുറച്ച് രേഖകൾ ഇട്ടിട്ടുണ്ട് നോക്ക്". നോക്കി. വായിച്ചിട്ട് എല്ലാം മനസ്സിലായില്ല. ഉദയകുമാറിനെ വിളിച്ചപ്പോൾ അദ്ദേഹത്തിനും കിട്ടിയിറ്റുണ്ട്. കരാറിലെ പ്രധാന വ്യവസ്ഥകളൊക്കെ കിട്ടിയിട്ടുണ്ട്. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. രാത്രി വാർത്ത അടിച്ചു കൊടുത്തു കഴിഞ്ഞപ്പോൾ റോയി മാത്യു വിളിച്ചു പറഞ്ഞു: " നാസറെ, കരാറിൻ്റെ പൂർണരൂപം കിട്ടിയിട്ടുണ്ട്". അദ്ദേഹത്തിന് സ്വന്തമായി ഒരു വെബ്സൈറ്റുണ്ടായിരുന്നു. സൈബർ ജേർണലിസ്റ്റ് ഡോട്ട് കോം എന്നാണ് ഓർമ. കരാറിൻ്റെ ലിങ്ക് അതിലുണ്ട്. നോക്കാൻ പറഞ്ഞു.

യൂണിറ്റ് ചീഫിനോടും റസിഡൻ്റ് മാനേജറോടും അനുമതിവാങ്ങി കരാർ മുഴുവനും പ്രിൻ്റെടുത്തു. നൂറിലേറെ പേജുകളുണ്ട്. രാത്രിനിന്ന് കുഞ്ഞാപ്പ സുന്ദരമായി ബയിൻ്റ് ചെയ്തുതന്നു. എ.ഡി.ബി കരാറിൻ്റെ കോപ്പി തലയണക്കടിയിൽ വെച്ചാണ് അന്ന് കിടന്നത്.

രാവിലെ ഉണർന്ന് ഏറെ കഴിയുംമുമ്പ് കണ്ടോൺമെൻ്റ് ഹൗസിൽ നിന്ന് ഫോൺ. പ്രതിപക്ഷനേതാവിന് കാണണമെന്ന്. കെ.എം.ഷാജഹാനാണ് സെക്രട്ടറി. കരാറായി എന്ന വിവരം എവിടെനിന്നു കിട്ടി എന്നു ചോദിച്ചു. കരാർ എൻ്റെ കയ്യിലുണ്ട് എന്ന് ഉത്തരം കൊടുത്തു. എത്രയും വേഗം വി.എസിനെ കാണണം എന്നായി.

എട്ടരക്കുമുമ്പായി എത്തുമ്പോൾ, ഇന്ത്യൻ എക്സ്പ്രസ്സും, ഹിന്ദുവും ദേശാഭിമാനിയും, മധ്യമവും വായിച്ചുവെച്ച് ഇരിക്കുകയാണ് വി.എസ്. ആ നാല് പത്രങ്ങളിലുമാണ് എ.ഡി.ബി ലോണിനെപറ്റി വിമർശനാത്മകമായി വാർത്തയുള്ളത്. എന്തോ കാരണവശാൽ ദേശാഭിമാനി ആ ദിവസം അത് അത്ര സമഗ്രമായി ഫോളോ ചെയ്തിട്ടില്ല. ചർച്ച നടക്കുന്നു എന്നേയുള്ളൂ. മാധ്യമത്തിൽ കരാറിൻ്റെ പ്രധാന വ്യവസ്ഥകളുമുണ്ട്. " ഇത് ശരിയാണോ "- പത്രം നീക്കിവച്ചു കൊണ്ട് വി.എസ് ചോദിച്ചു. കരാർ കൈവശമുണ്ട് എന്നു പറഞ്ഞ് അത് കാണിച്ചു കൊടുത്തു. മറിച്ചു നോക്കി വി.എസ് തിരിച്ചുതന്നുകൊണ്ട് ചോദിച്ചു: "ഈ രേഖ ഇത്രവേഗം എങ്ങനെ കിട്ടി". അതിൻ്റെ ലിങ്കിൽപോയതും പ്രിൻ്റടുത്ത് രാത്രി തന്നെ ബൈൻ്റ് ചെയ്തതും പറഞ്ഞു: "ഉം. നിങ്ങളൊക്കെ നിങ്ങളുടെ പണി ചെയ്യുന്നു " എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഫോൺ എടുത്തു. പിന്നാലെ ദേശാഭിമാനിയിലെ ആരെയോ വിളിച്ചുവരുത്തി എന്ന് പിന്നീടറിഞ്ഞു.

പിന്നെയൊരിക്കൽ പ്രതിപക്ഷ നേതാവിൻ്റെ ഇൻ്റർവ്യൂ എടുക്കാനുണ്ടായിരുന്നു. ഗോപൻജി അത് എനിക്ക് തന്നു: ''നേരിട്ട് പരിചയമൊക്കെ ആയില്ലേ ചെല്ല് ". സമയം തന്നു. ചെന്നപ്പോൾ വി.എസ് ലുങ്കിയും ബനിയനും ധരിച്ച് ഈസീ മൂഡിലാണ്. പേടിയില്ലാതെ ഞാനും ഇരുന്നു. സംസാരം തുടങ്ങി. "നിയമസഭയിൽ ആ പ്രശ്നം ഗൗരവമായി ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി...." അത്രയുമായപ്പോഴേക്ക് പേന താഴെവീണ് ഉരുണ്ടുപോയി.

അത് തപ്പിപ്പിടിച്ച് എടുത്ത് ഉയർന്നു വന്നപ്പോഴേക്ക് വിവരണം മുന്നോട്ടു പോയിരുന്നു. ഞാൻ ചോദിച്ചു: " നിയമസഭയിൽ മുഖ്യമന്ത്രി എന്തോ ആയെന്ന് പറഞ്ഞല്ലോ, അത് വ്യക്തമായില്ല''. " ഇളിഭ്യനായി, ഇ..ളി..ഭ്യ..നായി എന്ന്. ഇളിഭ്യന്യായി എന്ന് കേട്ടിട്ടില്ലാ അല്ലേ? " മൂപ്പർ ചൂടായി എന്ന് കരുതി ഞാൻ ശരിക്കും പേടിച്ചു.

പിന്നെയെപ്പഴോ ഞാൻ കാലുമാറി ഇന്ത്യാവിഷനിലെത്തിയല്ലോ. കോഴിക്കോട് ബ്യൂറോയിലാണ്. തിരുവനന്തപുരം രാഷ്ട്രീയക്കാരൊക്കെ ദൂരെയായല്ലോ. ഒരു ദിവസം വി.എസ്. കോഴിക്കോട്. വാർത്താ സമ്മേളനമുണ്ട്. ഐസ്ക്രീം കേസിൽ വി.എസ് വീണ്ടും ഇടപെട്ട സമയമാണ്. വേഗം ഒരുങ്ങിയിറങ്ങി. ചുവന്ന നേരിയ കരയുള്ള കണ്ണൂർ മഞ്ഞമുണ്ടായിരുന്നു .വെള്ളഷർട്ടും. ടേപ്പ് എടുക്കാൻ ചെന്നപ്പോൾ എഡിറ്റർ അൽക്കു (അൽ ഖാസിം) ഒരു ചുവന്ന ബോൾപേന കീശയിൽ കുത്തിത്തന്ന് പറഞ്ഞു: " മേക്കപ്പ് ഫുള്ളാകട്ടെ, വി.എസിനെ കാണാനല്ലേ?"

ഉത്തരം നേരെ കാമറയിൽ നോക്കിക്കിട്ടണം എന്നതിനാൽ കാമറക്ക് തൊട്ടുപിന്നിൽ നിന്നാണ് ചോദ്യം ചോദിച്ചത്. എല്ലാരും ഐസ്ക്രീം കേസ് ചോദിക്കുന്നുണ്ട്. കുറേക്കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു: "വി.എസ്. ഈ പ്രശ്നം ഏറ്റെടുത്ത് ശക്തമായി സമരം ചെയ്യുന്നുണ്ട്. പക്ഷേ പാർട്ടി അതേ വാശിയിൽ ഏറ്റെടുക്കുന്നില്ലല്ലോ. അതെന്താണ്?"

വി.എസ്. ചോദ്യം വന്ന ഭാഗത്തേക്ക് തറപ്പിച്ച് നോക്കി. ഒന്നു നിർത്തി, എന്നിട്ട് പറഞ്ഞു "ഹും. നീണ്ടു നിവർന്ന് നിൽക്കുന്നതു കണ്ടാൽ തോന്നും എ.കെ.ജിയുടേയും കൃഷ്ണപിള്ളയുടേയും ശേഷക്കാരാനാണെന്ന്. ചോദിക്കുന്നതോ! നിങ്ങളുടെ ഈ ചോദ്യം ആരെ സഹായിക്കാനാണെന്ന് മനസ്സിലാകുന്നുണ്ടോ?"

ഒന്നു സ്റ്റക്കായി. വാർത്താ സമ്മേളനം തീർന്നപ്പോൾ ചായ കുടിക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. പിന്നല്ലേ പരിചയം പുതുക്കാൻ!

പിന്നെ ബ്യൂറോയിൽ നിന്ന് പിന്മാറി ഡസ്കിലായപ്പോൾ വല്ലപ്പോഴു കാണുന്നതും ഇല്ലാതായല്ലോ. പൊളിട്രിക്സ് എന്ന ആക്ഷേപഹാസ്യപരിപാടിയിൽ മാത്രമായിഎൻ്റെശ്രദ്ധ. അങ്ങനെയിരിക്കെ വി.എസ് മുഖ്യമന്ത്രിയായി.

ചെങ്ങറ സമരക്കാരെപറ്റി വി.എസ്. പറഞ്ഞ ഒരഭിപ്രായം ഒരു ലക്കത്തിൽ ഉപയോഗിച്ചിരുന്നു. അതിനോടുള്ള കമൻ്റിലാണ് ആ ലക്കം അവസാനിപ്പിച്ചത്. അത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പഞ്ച്ലൈനായിരുന്നു. ഒരു പാട് ഫോൺ വന്നു. ഒരു ഇടതുപക്ഷ നേതാവ് ചിരിച്ചുകൊണ്ട് പറഞ്ഞു " താനൊരു ബയോളജിക്കൽ വെപ്പണാണ്''

അതിനിടെ, മന്ത്രിസഭയുടെ വാർഷികം പ്രമാണിച്ച് വി.എസ് ചാനലുകൾക്ക് അഭിമുഖം കൊടുക്കുന്നു. ഇന്ത്യാവിഷൻ ആദ്യനിരയിൽ തന്നെയുണ്ട്. നികേഷിനെയാണ് മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നത്.

എന്തോ ഗുരുതരമായ തിരക്കുകാരണം നികേഷിന് കൊച്ചി ഓഫീസ് വിട്ട് പോകാനാകില്ല. പകരം എന്നെ ചുമതലപ്പെടുത്തി. ക്രൂ റെഡിയായി. കൊച്ചിയിൽ നിന്ന് പുറപ്പെടാൻ നേരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നികേഷ്തന്നെ വിളിച്ച് വിവരം പറഞ്ഞു.

പൊടുന്നനെ തിരിച്ച് വിളിവന്നു. സി.എമ്മിന് സമ്മതമല്ലെന്ന്!. നികേഷ് അല്ലാത്തതുകൊണ്ടല്ല. പി.ടി നാസർ ആയതുകൊണ്ട്. "പൊളിട്രിക്സ് എന്ന പരിപാടി അവതരിപ്പിക്കുന്ന ആ വിദ്വാൻ കൊള്ളത്തില്ല " - എന്നായിരുന്നു വി.എസിൻ്റെ ലൈൻ. സ്റ്റാഫിലുള്ള എല്ലാവരും കൈമലർത്തി.

വേറെയാരെയെങ്കിലും അയക്കാമെന്ന് ഞാൻ. അതുപറ്റില്ലെന്നായി നികേഷ്. അദ്ദേഹമാണല്ലോ എഡിറ്റർ. " നിങ്ങൾ പുറപ്പെട്. കൃത്യ സമയത്ത് അവിടെ ചെന്ന് കാമറ സെറ്റ് ചെയ്യ്. വി.എസ് ഇരിക്കും" - എഡിറ്റർ തറപ്പിച്ചു പറഞ്ഞു. ഞങ്ങൾ കൊച്ചിവിട്ടു.

വഴിനീളെ ഞാൻ കെ.ബാലകൃഷ്ണനെ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരിന്നു. അദ്ദേഹമാണ് പ്രസ്സെക്രട്ടറി. കിട്ടുന്നില്ല. ബിസിയോട് ബിസി. നികേഷിനെയും കിട്ടുന്നില്ല.

കൃത്യസമയത്ത് ഞങ്ങൾ എത്തി. കെ. ബാലകൃഷ്ണൻ ചിരിയില്ലാതെ അടുത്തേക്ക് വന്നു: " അദ്ദേഹം വഴങ്ങുന്നില്ലെടോ, ഇഞ്ഞി കുഴപ്പക്കാരനാണ് എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇഞ്ഞിയെന്താ ഇത്ര കടുപ്പം ചെയ്തിന്?" ബാലകൃഷ്ണൻ ചോദിച്ചു. ഞാനങ്ങ് പൊട്ടിച്ചിരിച്ചുപോയി. "വായ പൊത്തിക്കോ" എന്നും പറഞ്ഞ് പ്രസ്സ് സെക്രട്ടറി അകത്തേക്ക് പോയി.

കൃത്യസമയത്ത് സി.എം വന്ന് ഇരുന്നു. അകത്തേക്ക് വിളിച്ചു. ഞാൻ ചെന്ന് അഭിമുഖമായി ഇരുന്നു. ലൈറ്റ് ഓണാക്കി. സ്റ്റാർട്ട് പറഞ്ഞു. ഞാൻ മുഖമുയർത്തി നോക്കി. എതിരാളി കടുകട്ടി. മുജ്ജന്മദേഷ്യം കട്ടിപിടിച്ച് കിടക്കുന്ന മുഖം. ഞാനൊന്നു ചിരിച്ചു. ഫലിച്ചില്ല. പിന്നെ തുടങ്ങാനായി വിളിച്ചു: "സഖാവേ " ഉം ഉം മാറ്റമില്ല. ചോദ്യം തൊടുത്തു: "ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത സഖാവിന് ഓർമയുണ്ടല്ലോ. മെയ് പതിനാറാണ്. ദേവികുളം ഉപതെരഞ്ഞെടുപ്പിൻ്റെ വാർഷികം. അങ്ങയുടെ ആദ്യത്തെ രാഷ്ട്രീയ വിജയത്തിൻ്റെ വാർഷികമാണെന്ന് ഞാൻ പറയും. മന്ത്രി സഭാ വാർഷികമൊക്കെ ചെറിയ കാര്യമല്ലേ?" ആവേശവും സന്തോഷവും ചിരിയും കലർന്നാണ് മറുപടി വന്നത് 

"അതെയതേ, സഖാവ് എല്ലാം ഓർത്തു വെച്ചിട്ടുണ്ടല്ലോ " എന്ന ആമുഖത്തോടെ വി.എസ് തുടങ്ങി. അദ്ദേഹം തന്നെ എല്ലാം പറഞ്ഞെങ്കിലും "അന്ന് പാർട്ടി ജനറൽ സെക്രട്ടറിയും കേന്ദ്ര നേതൃത്വവും നേരിട്ടാണ് ദേവീകുളത്തിൻ്റെ ചുമതല വി.എസ്സിനെ ഏൽപ്പിച്ചത്" എന്ന കാര്യം ഊന്നിപ്പറഞ്ഞുകൊണ്ട് അടുത്ത ചോദ്യം കൊടുത്തു. അതോടെ കാറുംകറുപ്പും തീർത്തുംനീങ്ങി. മുഖം തെളിഞ്ഞു. ചിരകാല പരിചയക്കാരനെപ്പോലെ മറുപടികൾ വന്നുകൊണ്ടിരുന്നു.

30 മിനിറ്റ് എന്ന് പറഞ്ഞത് കഴിഞ്ഞെന്നും 52 മിനിറ്റായെന്നും നിർത്തണമെന്നും പറഞ്ഞുകൊണ്ട് പ്രസ്സ് സെക്രട്ടറി ഇടപെട്ട പ്പോഴാണ് വി.എസ്, നിറുത്താം എന്ന് പറഞ്ഞത്. എഴുന്നേൽക്കുന്നോൾ വി.എസ് സ്റ്റാഫിനോട് ചോദിച്ചു " "ഇവർക്ക് ചായകൊടുത്തതാണോ"

നിറഞ്ഞ ചിരിയോടെ ബാലകൃഷ്ണൻ വന്ന് തോളിൽപിടിച്ച് പറഞ്ഞു: "വേഗം നികേഷിനെ വിളിച്ച് പറഞ്ഞോ, ചങ്ങാതിക്ക് ഇരിക്കപ്പൊറുതിയില്ല" - അതങ്ങനെയൊരു കാലം. ഇനിയിങ്ങ് വരാത്ത ചക്രവാളത്തിലേക്ക് ആ കാലം പോയി. പരിചയം പുതുക്കാൻ ഒരവസരം കിട്ടില്ലിനി.

(ഹാരിസ് കുറ്റിപ്പുറം വരച്ച ചിത്രങ്ങളാണിത്. പക്ഷാഘാതം വീഴ്ത്തിയെങ്കിലും മെല്ലെ തിരിച്ചുവരുന്നതിനിടയിൽ കുറ്റി വരച്ചുനോക്കിയതാണ്. പണ്ട് എടുത്ത ഫോട്ടോകളുടെ രേഖാപ്പതിപ്പ് അവൻ്റെ സ്വപ്നമാണ്)" 

Full View






Tags:    
News Summary - Journalist shares memories of VS Achuthanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.