വി.എസ് ഹരിപ്പാടെത്തുമ്പോൾ ഞാനിവിടെ വേണം' ആൾക്കൂട്ടത്തിനൊപ്പം വി.എസിനെ കാത്തുനിന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ഹരിപ്പാടേക്ക് എത്തിച്ചേർന്നപ്പോൾ വി.എസിന് യാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം ഒരാൾ കാത്തുനിൽപ്പുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുലർച്ചെയാണ് ഹരിപ്പാടിലൂടെ വി.എസിന്‍റെ വിലാപ യാത്ര കടന്നുപോയത്. ഹരിപ്പാടിലൂടെ വി.എസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടെയെന്നാണ് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് രമേശ് ചെന്നിത്തല ചോദിച്ചത്.

ഹരിപ്പാടുമായി വി.എസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. എനിക്കത് അനുഭവമുള്ള കാര്യമാണ്. ഞങ്ങള്‍ തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ട്. എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ. അന്ത്യയാത്രയല്ലേ', രമേശ് ചെന്നിത്തല പറഞ്ഞു.

ഹരിപ്പാട് നിന്നും കരുവാറ്റ, തോട്ടപ്പള്ളി, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് വഴിയാണ് പുന്നപ്രയിലേക്ക് എത്തുക.

വാഹനം കടന്നുപോകുന്ന ദേശീയപാതക്ക് ഇരുവശവും വി.എസിന്‍റെ ചിത്രങ്ങളും ​പുഷ്പങ്ങളും ചെ​​​​ങ്കൊടികളുമായി ആയിരങ്ങളാണ്​ കാത്തുനിന്നത്​. പലയിടത്തും ജനസാഗരം മൂലം വാഹനം മുന്നോട്ടുനീങ്ങാനാകാത്ത സാഹചര്യമുണ്ടായി. പ്രവർത്തകർ പ്രകടനമായി മുന്നിൽ നീങ്ങിയാണ്​ പലയിടത്തും വഴിയൊരുക്കിയത്​.

ജീവിതം പോരാട്ടമാക്കിയ സമരനായകന്​ ജനസഹസ്രങ്ങളുടെ കരളുലഞ്ഞ അഭിവാദ്യത്തോടെയാണ്​ നാട് യാത്രാമൊഴിയേകിയത്​. പാതിരാത്രിയിലും വി.എസിനെ കാത്ത് പാതയോരങ്ങളിൽ നിലയുറപ്പിച്ചത് പതിനായിരങ്ങൾ. പ്രതീക്ഷിച്ചതിൽ നിന്നും ഏറെ വൈകിയാണ് വിലാപയാത്ര വിവിധ കേന്ദ്രങ്ങൾ പിന്നിട്ടത്​. എ.കെ.ജി സെന്‍ററിലെ പൊതുദർശനത്തിന്​ ശേഷം തിങ്കളാഴ്ച രാത്രി 12 നാണ്​ വി.എസിന്‍റെ ഭൗതിക ശരീരം മകൻ അരുൺകുമാറിന്‍റെ ബാർട്ടൺ ഹിൽ ജങ്​ഷനി​ലെ ‘വേലിക്കകത്ത്’​ വീട്ടിലെത്തിച്ചത്​. ഇവിടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു.

പിന്നാ​ലെ 9.15 ഓടെ ഭൗതിക ശരീരം പൊതുദർശനത്തിനായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു. പലവട്ടം തിരക്കിട്ട്​ പാഞ്ഞ നിരത്തിലൂടെ വി.എസ്​ അവസാനമായി സെക്രട്ടേറിയറ്റിലേ​ക്ക്​. വലിയ ക്രമീകരണങ്ങളാണ്​ ദർബാർ ഹാളിൽ ഒരുക്കിയിരുന്നത്​. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പ്രകാശ്​ കാരാട്ട്​, വൃന്ദ കാരാട്ട്​, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അടക്കം നേതാക്കൾ ഇവിടെ എത്തിയിരുന്നു. രാഷ്​ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരടക്കം പതിനായിരങ്ങളാണ്​ അന്തിമോപചാരമർപ്പിച്ചത്​. പുന്നപ്രയിലെ വീട്ടിലാണ്​ ആദ്യമെത്തുക. ബുധനാഴ്‌ച രാവിലെ ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസില്‍ അന്തിമോപചാരം അര്‍പ്പിക്കും. പിന്നാലെ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. ഉച്ചക്ക്‌ മൂന്നിന് വലിയ ചുടുകാട്ടിലാണ്​ സംസ്‌കാരം. അതിനു ശേഷം സർവകക്ഷി അനുശോചന യോഗം ചേരും.

Tags:    
News Summary - Ramesh Chennithala waiting for VS Achuthanandan with the crowd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.