വി.എസ്.അച്യുതാനന്ദൻ, കൽപറ്റ നാരായണൻ

'കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായിരുന്നു വി.എസ്, ജന്മനാ പോരാളിയായ ഒരാൾക്ക് കൂടുതലിണങ്ങിയ ഇടവും അതായിരുന്നു'; കൽപറ്റ നാരായണൻ

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദനെ അനുസ്മരിച്ച് സാഹിത്യകാരൻ കൽപറ്റ നാരായണൻ. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായിരുന്നു വി.എസ് എന്നും ജന്മനാ പോരാളിയായ ഒരാൾക്ക് കൂടുതലിണങ്ങിയ ഇടവും അതായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇടതുപക്ഷ മൂല്യങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ വി.എസിന് മുഖ്യമന്ത്രി സ്ഥാനം മതിയാവുമായിരുന്നില്ല. സൂര്യനെല്ലി പെൺകുട്ടിയുടെ കുടുംബത്തിനോട് കാട്ടിയ ദയാവായ്പും പാർട്ടി ചട്ടക്കൂട് ഭേദിച്ച് ഒഞ്ചിയത്ത് ചെല്ലുവാൻ ധൈര്യം പകർന്നതുമെല്ലാം കമ്മ്യൂണിസ്റ്റാറ്റായിരിക്കുക എന്നത് അച്ചടക്കമുള്ള പാർട്ടിക്കാരനാവുന്നതേക്കാൾ വലുതാണെന്ന തിരിച്ചറിവിലെത്തിച്ചുവെന്ന് കൽപറ്റ നാരായാണൻ കുറിച്ചു.

കൽപറ്റ നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്

" വി.എസ്,
കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷനേ താവ് വി എസ് അച്ചുതാനന്ദനായിരുന്നു. താനുൾപ്പെടെയുള്ള മുഖ്യമന്തിമാരേക്കാൾ, താനൊഴിച്ചുള്ള പ്രതിപക്ഷനേതാക്കളേക്കാൾ ശക്തനായിരുന്നു വി.എസ് എന്ന പ്രതിപക്ഷനേതാവ്.വി എസിന്റെ സ്വാഭാവികമായ ഇടം പ്രതിപക്ഷനേതാവിേന്റതായിരുന്നു. ജന്മനാ പോരാളിയായ ഒരാൾക്ക് കൂടുതലിണങ്ങിയ ഇടവും അതായിരുന്നു. ഇടത് പക്ഷ മുല്ല്യങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ മുഖ്യമന്ത്രി സ്ഥാനം മതിയാവുമായിരുന്നില്ല.

നാൽപ്പതിൽ താഴെ ശതമാനം വോട്ട് നേടി അധികാരത്തിലിരിക്കുന്ന ഭരണകക്ഷിയേക്കാൾ പോൾ ചെയ്തവരും പോൾ ചെയ്യാത്തവരുമായ ഭൂരിപക്ഷത്തിൻ്റെ നേതൃത്വം വഹിക്കാൻ പ്രതിപക്ഷനേതാവിന് കഴിയുമെന്ന് വി.എസ് തെളിയിച്ചു. കുട്ടനാട്ടെ കർഷക തൊഴിലാളികളനുഭവിക്കുന്ന ചൂഷണത്തേയും ദരിദ്രസ്ത്രീകളനുഭവിക്കുന്ന പീഡനത്തേയും ചെറുക്കാൻ പതിനേഴാം വയസ്സിൽ പി. കൃഷ്ണ പിള്ളയാൽ നിയുക്തനായ വി എസ്സ് തുടർന്ന് എൺപത്തിമൂന്നു വർഷക്കാലം തന്റെ നിയോഗത്തിന്റെ പരിസരം കേരളം മുഴുവനുമാക്കി നിരന്തരം വളർന്നു. വിമർശനമുണ്ട് ആത്മവിമർശനമില്ല എന്ന കൃഷ്ണപ്പിള്ളയുടെ ആരോപണത്തെ ഇക്കാലമത്രയും ജാഗ്രതയോടെ ചെറുത്തു.

ഏഴാം ക്ലാസ്സിൽ ഔപചാരികമായ വിദ്യഭ്യാസം അവസാനിച്ച വി.എസ് തുടർന്നുള്ള മുഴുവൻ ജീവിതവർഷങ്ങളും പഠിക്കാൻ ഉപയോഗിച്ചു. തൻ്റെ മാത്രമല്ല അനേകം പീഡിതരുടെ അനുഭവങ്ങളുടെ ക്ലാസ്സിൽ അയാളിരുന്നു. അതുവരെ ആയിരുന്നതിൽ നിന്ന് നിരന്തരം പുരോഗമിച്ചു. അത് ആ സ്റ്റാലിനിസ്റ്റിനെ സൗമ്യനാക്കി. അത് അദ്ദേഹത്തെ ആത്മഹത്യക്കൊരുങ്ങിയ സൂര്യനെല്ലിപ്പെൺകുട്ടിയുടെ കുടുംബത്തിനോട് കാട്ടിയ ദയാവായ്പ്പിനോട് സാമ്യമുള്ള പല സന്ദർഭങ്ങളിലുമെത്തിച്ചു. പാർട്ടിച്ചട്ടക്കൂട് ഭേദിച്ച് ഒഞ്ചിയത്ത് ചെല്ലുവാൻ ധൈര്യം പകർന്നു. കമ്മ്യൂണിസ്റ്റാറ്റായിരിക്കുക എന്നത് അച്ചടക്കമുള്ളപാർട്ടിക്കാരനാവുന്നതേക്കാൾ വലുതാണെന്ന തിരിച്ചറിവിലെത്തിച്ചു.

അയാൾ കാലാനുസൃതമായി വളർന്നു. പാർട്ടിയിൽ പിന്തുണ കുറയുകയും പുറത്ത് പിന്തുണ വർദ്ധിക്കുകയും ചെയ്തു. വിയോജിപ്പുകളെ ശ്രദ്ധാപൂർവ്വം കേട്ടു. ധിഷണാശാലികളോട് കൂട്ട്ചേർന്നു. ജനാധിപത്യബോധവും മനുഷ്യ സ്നേഹവും പരിസ്ഥിതി ബോധവും ഉയർത്തിപ്പിടിച്ചു. ആണവവിരുദ്ധ സമരത്തിലും നെൽവയൽ സമരത്തിലും ഭൂമികൈയേറ്റങ്ങളോടുള്ള കർക്കശ നിലപാടുകളിലും നാമത് കണ്ടു. വളരാതിരുന്ന ഒരു വർഷവും ആ നൂറ്റാണ്ടിനിടയിലുണ്ടായില്ല.

മലയാളം കണ്ട ഏറ്റവും വലിയ വിലാപയാത്രകൾ ഉമ്മൻ ചാണ്ടിയുടേയും വി.എസിേന്റതുമായിരിക്കാം. കറപുരളാത്ത വ്യക്തിജീവിതത്തിനുപരിയായി, നിരുപാധികമായ മനുഷ്യ സ്നേഹത്തി നുപരിയായി അവരെന്തെങ്കിലും പങ്കിട്ടിരുന്നുവോ എന്ന് ഭാവികേരളം അന്വേഷിക്കട്ടെ."


Full View


Tags:    
News Summary - Kalpetta Narayanan's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.