ആലപ്പുഴ: ജനങ്ങൾക്കിടയിൽ എന്നും ആവേശമായിരുന്ന മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ ജ്വലിക്കുന്ന ഓർമയായി. പുന്നപ്രയിലെ വലിയ ചുടുകാടിൽ വി.എസിന്‍റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
രാവിലെ ആറോടെയാണ് ഓച്ചിറ കടന്ന് വി.എസിന്‍റെ തട്ടകമായ ആലപ്പുഴയിലേക്ക് ഭൗതികശരീരം വിലാപയാത്ര എത്തിയത്. ചൊവ്വാഴ്ച രാത്രി പത്തോടെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും എത്തിയത് ബുധനാഴ്ച പകൽ 12.20ഓടെ മാത്രം. വേലിക്കകത്ത് വീടിനു മുന്നിൽ രാവിലെ ആറു മുതൽ ജനം വരിനിൽക്കാൻ തുടങ്ങിയിരുന്നു. സാധാരണക്കാരായിരുന്നു അവരിലേറെയും.
രാഷ്ട്രീയ പ്രവർത്തനത്തിൽ പല തിരിച്ചടിയും ഉണ്ടായപ്പോഴും വി.എസ് ഊർജം സംഭരിച്ചത് വേലിക്കകത്ത് വീട്ടിലെ കസേരയിൽ ചാഞ്ഞു കിടന്നുകൊണ്ടാണ്. 1996ൽ മാരാരിക്കുളത്ത് തോൽവി അറിഞ്ഞശേഷം വി.എസ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് മടങ്ങിയെത്തിയത് ഇവിടേക്കായിരുന്നു. 2017ൽ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പാർട്ടി വേദിയിൽ നിന്ന് വി.എസ് ഇറങ്ങി വന്നതും ഈ വീട്ടിലേക്കായിരുന്നു. അവിടേക്ക് ചേതനയറ്റ് അദ്ദേഹം എത്തിയതിന് സാക്ഷ്യംവഹിച്ചത് ആയിരങ്ങളാണ്.
ഒരു മണിക്കൂർ പൊതുദർശനമാണ് തീരുമാനിച്ചിരുന്നതെങ്കിലും രണ്ടര മണിക്കൂറിനു ശേഷമാണ് വീട്ടിൽ നിന്ന് എന്നേക്കുമായി അദ്ദേഹത്തെ പുറത്തേക്കിറക്കിയത്. നാല് കിലോമീറ്റർ അപ്പുറം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നീക്കങ്ങളുടെ വിളനിലമായ പാർട്ടി ജില്ല കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നേതാക്കളുടെ നീണ്ടനിര കാത്തുനിന്നിരുന്നു. ഓഫിസിന് പുറത്ത് ഒരു കിലോമീറ്ററോളം നീളത്തിൽ വരി നിൽക്കുകയായിരുന്നു ജനം.
മണിക്കൂറിലേറെ നീണ്ട പൊതുദർശനത്തിനു ശേഷമാണ് പാർട്ടി ഓഫിസിൽ നിന്ന് വിലാപയാത്ര കടപ്പുറം റിക്രിയേഷൻ മൈതാനിയിലേക്ക് പുറപ്പെട്ടത്. അവിടെ തയാറാക്കിയ കൂറ്റൻ പന്തലിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും പ്രിയ നേതാവിന് ആദരാഞ്ജലി അർപ്പിച്ചു. മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിന് ശേഷം വലിയ ചുടുകാടിലെ ചിതയിലേക്ക് വി.എസിന്‍റെ ഭൗതികശരീരം എടുത്തതോടെ മുദ്രാവാക്യത്താൽ മുഖരിതമായ പുന്നപ്രയിലെ വിപ്ലവമണ്ണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.