തിരുവനന്തപുരം: ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെന്ന് സംസ്ഥാന മന്ത്രിസഭായോഗം. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിധ്യമാണ് അസ്തമിച്ചതെന്നും ഓണലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനും നാടുവാഴിത്തത്തിനും ജന്മിത്വ-ഭൂപ്രഭുത്വ-ജാതിമേധാവിത്വ സംവിധാനങ്ങളുടെ അധികാരശക്തികൾക്കും എതിരായ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന ആ ജീവിതം പിൽക്കാലത്ത് അമിതാധികാര-സ്വേഛാധിപത്യ വാഴ്ചക്കും വർഗീയ ഛിദ്രീകരണ ശക്തികൾക്കും എതിരായ പോരാട്ടത്തിന്റെ തലത്തിലേക്കുയർന്നു. ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ജീവിതമാണ് വി.എസിന്റേത്. കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രം കൂടിയാണ് ആ ജീവിതം.
ഐതിഹാസികമായ പുന്നപ്ര-വയലാർ സമരങ്ങളുമായി പര്യായപ്പെട്ടുനിൽക്കുന്ന പേരാണ് വി.എസിന്റേത്.കേരളത്തിന്റെ ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് അദ്ദേഹത്തിന്റെ ജീവിതം. പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ മേഖലകളിൽ വി.എസ് ഇടപെടുകയും അവയിലേക്ക് സമൂഹശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ വി.എസ് നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണെന്നും മന്ത്രിസഭാ യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.