കോഴിക്കോട്: ഗോവിന്ദച്ചാമി ജയിലറെ കൊന്നുതിന്നാൽ പോലും താൻ അത്ഭുതപ്പെടില്ലെന്ന് ഫോറൻസിക് വിദഗ്ധ ഡോ. ഷെർലി വാസു. ‘ഒറ്റക്കൈ മാത്രമുള്ള അയാൾ ഒരായുധം പോലും ഉപയോഗിക്കാതെ തലക്കടിച്ച് ബോധംകെടുത്തി മൃതപ്രായയാക്കിയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. പുറത്തിറങ്ങിയാൽ അയാളുടെ ആദ്യലക്ഷ്യം ഏതെങ്കിലുമൊരു സ്ത്രീയായിരിക്കും. അത് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കാനുള്ള ശാരീരികവും മാനസികവുമായ ശക്തി അയാൾക്കുണ്ട്’. ഗോവിന്ദച്ചാമി ജയിൽ ചാടിയ സാഹചര്യത്തിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു ഡോ. ഷെർലി വാസു.
യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോ. ഷെർലി വാസുവിന്റെ കണ്ടെത്തലുകൾ കേസിൽ ഏറെ നിർണായകമായിരുന്നു.ഒറ്റക്കൈയനായ അയാൾ ഓടുന്ന ട്രെയിനിൽവെച്ച് യുവതിയുടെ കൈകൾ വാതിലിന്റെ ഇടയിൽ കുടുക്കി ചതവേൽപിച്ചിരുന്നു. പ്രതിരോധം ഒഴിവാക്കാൻ പിന്നിൽനിന്ന് മുടി പിടിച്ചുവലിച്ച് തല ട്രെയിനിന്റെ ഭിത്തിയിൽ ഇടിച്ച് ബോധം കെടുത്തിയാണ് അയാൾ പുറത്തേക്കിട്ടത്. ശേഷം തള്ളിയിട്ടതിന്റെ മറുഭാഗത്തുകൂടിയാണ് ഓടുന്ന ട്രെയിനിൽനിന്ന് ഇയാൾ പുറത്തുചാടിയത്. പിന്നീട് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
മരിച്ചപ്പോൾ യുവതിയുടെ മുഖം പൂർണമായി അടിച്ചുപൊളിച്ച് രക്തംപൊടിയുന്ന നിലയിലായിരുന്നു. ചോരയൊലിച്ച് മൃതപ്രായയായ അവസ്ഥയിലാണ് ബലാത്സംഗത്തിനിരയാക്കിയത്. ഇത്തരത്തിലുള്ള ക്രൂരകുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെല്ലാം അവരുടെ സ്വഭാവത്തിൽ അനാവരണം ചെയ്യപ്പെടാത്ത നിഗൂഢതകൾ ഉണ്ടാവുമെന്നും ഡോ. ഷെർലി വാസു അഭിപ്രായപ്പെട്ടു.
ഒരു കൈപ്പത്തിയില്ലാത്തതിന്റെ ആത്മവിശ്വാസക്കുറവൊന്നും ഗോവിന്ദച്ചാമിക്കില്ല. പുറത്തിറങ്ങിയാലും ലക്ഷ്യം ഏതെങ്കിലും സ്ത്രീയായിരിക്കാം. സ്തീകൾ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ അവരെ മൃതപ്രായരാക്കും. ശേഷം ക്രൂരമായ ബലാത്സംഗംചെയ്യും. നിയമത്തിന്റെ പഴുതുകൾ അയാൾക്ക് നന്നായി അറിയാം. കോടതി, പൊലീസ്, നാട്ടുകാർ തുടങ്ങി സാധാരണ മനുഷ്യനെ കുറ്റകൃത്യങ്ങളിൽനിന്ന് തടയിടുന്ന ഭയങ്ങളൊന്നും അയാൾക്കില്ലെന്നും ഡോ. ഷെർലി അഭിപ്രായപ്പെട്ടു.
പോസ്റ്റ്മോർട്ടത്തിന് മുമ്പെടുത്ത 202 ഫോട്ടോകൾ മൂന്ന് ആൽബങ്ങളാക്കി തെളിവുകളായി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവ തെളിവായി കോടതിമുമ്പാകെ വന്നപ്പോൾ പ്രതിഭാഗത്തിന്റെ വാദങ്ങളെ ശക്തമായി ഖണ്ഡിച്ച ഡോ. ഷെർലി വാസുവിന്റെ മൊഴികളും കേസിൽ നിർണായകമായിരുന്നു.
കഴിഞ്ഞ വർഷമാണ് ജയിൽ മാറ്റത്തിന് ഇയാൾ അപേക്ഷ നൽകിയത്. തമിഴ്നാട്ടിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. അപേക്ഷ ജയിൽ വകുപ്പ് നിരസിച്ചു. അതിനുശേഷമാണ് ജയിൽചാട്ടത്തിനു പദ്ധതിയിട്ടതെന്നാണ് നിഗമനം. സഹതടവുകാരുടെ ഒത്താശ ജയിൽചാട്ടത്തിനു ലഭിച്ചെന്നാണ് വിവരം. ജയിലിൽ തെളിവെടുപ്പ് നടത്തിയപ്പോൾ സഹതടവുകാരുടെ സെല്ലുകൾക്കു മുന്നിലും ഇയാൾ പോയിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിനു പിന്നാലെ സെൻട്രൽ ജയിലിൽ സുരക്ഷാനടപടികൾ ശക്തമാക്കി. കണ്ണൂരിൽ പതിവ് സന്ദർശനത്തിന് എത്തിയ ജയിൽ ഡി.ജി.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെൻട്രൽ ജയിലിലെ ജീവനക്കാരുടെ കുറവു സംബന്ധിച്ച് ആഭ്യന്തരവകുപ്പിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജയിൽ ചാടിയതിന് 14 ദിവസം റിമാൻഡ് ചെയ്ത് വീണ്ടും സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചെങ്കിലും ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുമെന്നാണ് സൂചന. കണ്ണൂരിനേക്കാൾ സുരക്ഷയുള്ളതാണ് ഇതിനു കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.