ചാണ്ടി ഉമ്മൻ എം.എൽ.എ റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

നിമിഷപ്രിയ: കാന്തപുരത്തിന്‍റെ ഇടപെടൽ ആർക്കും നിഷേധിക്കാനാവില്ല; പൊതുചർച്ചക്ക് ഇപ്പോൾ തയ്യാറല്ല -ചാണ്ടി ഉമ്മൻ

റിയാദ്: നിമിഷപ്രിയയുടെ ജയിൽ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുചർച്ചക്ക്​ ഇപ്പോൾ തയ്യാറല്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ റിയാദിൽ പറഞ്ഞു. ആ വിഷയത്തിലുള്ള പൊതുചർച്ചകൾ പോസിറ്റീവ് സാധ്യതകളൊന്നും തുറക്കില്ല. അനാവശ്യ ചർച്ചകളും കമൻറുകളും നിലവിലുള്ള സാധ്യത ഇല്ലാതാക്കും. യമനിൽ കൊല്ലപ്പെട്ട തലാലി​െൻറ കുടുംബവുമായി ബന്ധപ്പെടുന്ന ഒരു മലയാളിയുണ്ട്. അ​യാൾ എല്ലാ വാർത്തകളും വിവർത്തനം ചെയ്തു കൊടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

നിമിഷ പ്രിയയുടെ വിഷയത്തിൽ അനുകൂല സാഹചര്യമുണ്ടാകുന്നതിൽ കാന്തപുരം അബൂബക്കർ മുസ്​ലിയാരുടെ പങ്ക് നിഷേധിക്കാൻ ആർക്കും കഴിയില്ല. ഇനി നിമിഷയുടെ മോചനം സാധ്യമാകുമ്പോൾ ഇക്കാര്യത്തിൽ ത​െൻറ ഭാഗത്തുനിന്ന് വിശദമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ചാണ്ടി ഉമ്മൻ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. കേരളത്തി​െൻറ വിദ്യാസമ്പന്നരായ യുവത്വത്തെ വിദേശ രാജ്യങ്ങൾ ഉപയോഗിച്ച് വ്യത്യസ്ത മേഖലയിൽ വികസനം നിർമിച്ചെടുത്ത പോലെ ഇനി അവരുടെ കഴിവുകൾ കേരളത്തിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അവരുടെ കഴിവുകൾ സംസ്ഥാനത്ത് ഉയോഗിക്കാനാകും വിധമുള്ള പദ്ധതികൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി.എസി​െൻറ വിലാപയാത്രയുമായി ബന്ധപ്പെട്ട് ഒരു ദൃശ്യമാധ്യമ പ്രവർത്തകൻ നടത്തിയ താരതമ്യത്തെയും നടൻ വിനായക​െൻറ ഫേസ്ബുക്ക് പോസ്​റ്റിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക്​ അതൊക്കെ ഓരോരുത്തരുടെ രീതിയാണ്, അവരുടെ സ്വാതന്ത്ര്യമാണ് അതിലൊന്നും പറയാനില്ലെന്നും ത​െൻറ പിതാവിനെ ജനഹൃദയങ്ങളിൽനിന്ന് മാറ്റാൻ ഒരു ശക്തിക്കും കഴിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ചൂരൽമല ദുരന്തത്തിൽ ഭവനരഹിതരായവർക്ക് സ്വകാര്യ ഗ്രൂപ്പുകൾ വീടുകൾ കൈമാറിയിട്ടും ജനങ്ങളിൽനിന്ന് പിരിച്ച കാശിൽനിന്ന് സർക്കാർ അവകാശികൾക്ക് ഇത് വരെ ഒന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതെസമയം യൂത്ത് കോൺഗ്രസ് പിരിച്ച പണവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ചാണ്ടി ഉമ്മൻ ഒഴിഞ്ഞുമാറി. അത് പ്രസിഡൻറിനോട് ചോദിക്കണമെന്നായിരുന്നു പ്രതികരണം. സർക്കാർ പദ്ധതികൾക്ക് ബജറ്റിൽ അനുമതി നൽകിയാലും ഫണ്ട് നൽകാത്തത് കൊണ്ട് കോൺട്രാക്ടർമാർ ടെൻഡർ എടുക്കാൻ വരുന്നില്ല. സർക്കാർ സിസ്​റ്റം വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരി​െൻറ പുതിയ നിലപാടുകളെ കുറിച്ചുള്ള ചോദ്യത്തിന് ആരുംപാർട്ടി സംവിധാനത്തിന് മുകളിലല്ലെന്നായിരുന്നു പ്രതികരണം.

വാർത്താസമ്മേളനത്തിൽ ചാണ്ടി ഉമ്മനോടൊപ്പം ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സലിം കളക്കര, ഗ്ലോബൽ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാട്, പ്രോഗ്രാം കൺവീനർ ബാലു കുട്ടൻ, വർക്കിങ്​ പ്രസിഡൻറ്​ നവാസ് വെള്ളിമാട് കുന്ന്, ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Nimisha Priya: Not ready for public discussion now - Chandy Oommen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.