അശ്വിൻ സാമൂഹികപ്രവർത്തകർക്കൊപ്പം
ദമ്മാം: ജോലിതേടി അബൂദബിയിലെത്തിയശേഷം എവിടെയാണെന്ന് അറിയാതെ ഒറ്റപ്പെട്ടുപോയ മലയാളി യുവാവിന് സൗദിയിൽനിന്നുള്ള ഇടപെടൽ തുണയായി. ആരോഗ്യപ്രവർത്തകനായ തിരുവനന്തപുരം സ്വദേശി അശ്വിൻ ഒരാഴ്ച മുമ്പാണ് അബൂദബിയിലെത്തിയത്. നേരത്തെ വിദേശത്ത് ജോലിചെയ്തിട്ടുണ്ടെങ്കിലും സുഹൃത്തുക്കളെയോ പരിചയക്കാരെയൊ അറിയിക്കാതെയായിരുന്നു യാത്ര. ദുബൈയിലെത്തിയതോടെ വീട്ടുകാർക്ക് ഇദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടമായി.
ജോലിക്കും ഹാജരായില്ലെന്ന് വിവരം കിട്ടി. ഫോണിലും കിട്ടാതായതോടെ വീട്ടുകാർ ആകെ പരിഭ്രാന്തിയിലായി. ദുബൈയിലുള്ള പരിചയക്കാർ വഴി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സമയത്താണ് സൗദിയിലുള്ള അശ്വിന്റെ സഹോദരി ഭർത്താവ് നവോദയ പ്രവർത്തകനും ഇന്ത്യൻ എംബസി വളന്റിയറുമായ മാത്തുക്കുട്ടി പള്ളിപ്പാടിന്റെ സഹായം തേടുന്നത്. അദ്ദേഹം അബൂദബിയിലെ ‘ശക്തി’ എന്ന സംഘടനയുടെ സഹായം തേടി. ദുബൈയിൽ എത്തിയപ്പോൾ അശ്വിൻ അയച്ച ലൊക്കേഷൻ മാപ്പ് മാത്രമായിരുന്നു ആകെയുള്ള പിടിവള്ളി. എന്നാൽ, ഈ ലൊക്കേഷൻ പരിസരത്ത് വാടകക്ക് മുറികൾ നൽകുന്ന നിരവധി അപാർട്ട്മെന്റുകളുണ്ട്. ഇതിൽ ഏതിലാണെന്ന് കണ്ടുപിടിക്കുകയായിരുന്നു പ്രയാസം.
ശക്തി കേന്ദ്രകമ്മിറ്റി അംഗം കൃഷ്ണകുമാർ, പ്രവർത്തകൻ ഷാഹുൽ ഹമീദ് എന്നിവർ ഒരു ദിവസത്തോളം നടത്തിയ തെരച്ചിലിൽ അശ്വിൻ താമസിക്കുന്ന അപാർട്മെന്റ് കണ്ടെത്തി. എന്നാൽ ഇദ്ദേഹം താമസിക്കുന്ന മുറിയുടെ വാതിലിൽ തട്ടിവിളിച്ചിട്ടും തുറക്കുന്നുണ്ടായിരുന്നില്ല. വാതിൽ പൊളിക്കാൻ അപാർട്മെന്റ് അധികൃതരും തയാറായില്ല. സമയം പോകും തോറും ബന്ധുക്കൾ കൂടുതൽ പരിഭ്രാന്തരായിക്കൊണ്ടിരുന്നു. ഒടുവിൽ ഏറെ വൈകി കതക് പൊളിക്കാൻ അപാർട്മെന്റ് ഉടമ സെക്യൂരിറ്റിക്ക് അനുമതി നൽകുകയായിരുന്നു.
വാതിൽ പൊളിച്ചുനോക്കിയപ്പോൾ അവശനിലയിൽ കിടക്കുന്ന അശ്വിനെയാണ് കാണാൻ കഴിഞ്ഞത്. വൈകിയിരുന്നെങ്കിൽ കാര്യങ്ങൾ കൂടതൽ അപകടത്തിലായേനെ. ഒരാഴ്ചയിലധികമായി പുറത്തിറങ്ങാതെ മുറിയിൽ തന്നെ കിടക്കുകയായിരുന്നു യുവാവ്. പെട്ടെന്ന് തന്നെ പ്രാഥമിക ചികിത്സകൾ നൽകി ആരോഗ്യം വീണ്ടെടുത്ത അശ്വിനെ നാട്ടിലേക്ക് തിരിച്ചയച്ചു. അതുവരെ അശ്വിന് ആവശ്യമായ എല്ലാ പിന്തുണയുമായി ശക്തി പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. ഏറ്റെടുത്ത ദൗത്യം വിജയം കാണും വരെ അതിനെ പിന്തുടരാൻ കൃഷ്ണകുമാറും ഷാഹുൽ ഹമീദും കാണിച്ച മനസ്സാണ് ഒരു ചെറുപ്പക്കാരന്റെ ജീവിതം രക്ഷിച്ചതെന്ന് മാത്യുകുട്ടി പള്ളിപ്പാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.