യാംബു: എണ്ണയിതര വ്യാപാരത്തിൽ കുതിച്ച് സൗദി അറേബ്യ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഇൻറർനാഷനൽ ട്രേഡ് സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ പ്രകാരം സൗദിയുടെ പുനർ കയറ്റുമതി ഉൾപ്പെടെയുള്ള എണ്ണയിതര കയറ്റുമതി ഈ വർഷം മേയ് മാസത്തിൽ വാർഷികാടിസ്ഥാനത്തിൽ ആറ് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മൊത്തം കയറ്റുമതിയിൽ 3,1000 കോടി റിയാൽ ആണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ ദേശീയ എണ്ണ ഇതര കയറ്റുമതി (പുനർ കയറ്റുമതി ഒഴികെ) 1.8 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. അതേസമയം പുനർ കയറ്റുമതി 2024 മേയ് മാസത്തെ അപേക്ഷിച്ച് 20.5 ശതമാനം വർധിച്ചു. എണ്ണ കയറ്റുമതിയിൽ 21.8 ശതമാനം ഇടിവ് കാരണം മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 14 ശതമാനം കുറഞ്ഞു. തൽഫലമായി മൊത്തം കയറ്റുമതിയിൽ എണ്ണ കയറ്റുമതിയുടെ പങ്ക് 2024 മേയ് മാസത്തിൽ 72.1 ശതമാനത്തിൽ നിന്ന് 2025 മേയ് മാസത്തിൽ 65.6 ശതമാനമായി കുറയാൻ കാരണമായി.
എന്നാൽ ഇറക്കുമതി 7.8 ശതമാനം വർധിച്ചിട്ടുണ്ട്. ഇത് വ്യാപാര സന്തുലിതാവസ്ഥയിൽ വാർഷികാടിസ്ഥാനത്തിൽ 68.4 ശതമാനം ഇടിവിന് കാരണമായി. എണ്ണയിതര കയറ്റുമതി (പുനർ കയറ്റുമതി ഉൾപ്പെടെ) ഇറക്കുമതിയുമായുള്ള അനുപാതം 38.5 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 39.1 ശതമാനമായിരുന്നു. ഇറക്കുമതി എണ്ണയിതര കയറ്റുമതിയേക്കാൾ വേഗത്തിൽ വളർന്നതായി വിലയിരുത്തുന്നു.ഇലക്ട്രിക്കൽ മെഷിനറികൾ, ഉപകരണങ്ങൾ തുടങ്ങിയവയായിരുന്നു എണ്ണയിതര കയറ്റുമതിയിൽ മുൻപന്തിയിൽ. ഗതാഗത ഉപകരണങ്ങളും പാർട്സുകളുമാണ് തൊട്ടടുത്ത് നിൽക്കുന്നത്. ആകെ കയറ്റുമതിയുടെ 23.7 ശതമാനവും മുൻവർഷത്തേക്കാൾ 99.8 ശതമാനം വർധനവോടെ ഇരട്ടിയായി. 22.8 ശതമാനം ഉൾപ്പെടുന്നതും 0.4 ശതമാനം നേരിയ വളർച്ചയോടെ മികവ് കൈവരിച്ചതുമായ കെമിക്കൽ ഉൽപന്നങ്ങൾ ഇറക്കുമതിയുടെ 11.4 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.
സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം ചൈന നിലനിർത്തി. മൊത്തം കയറ്റുമതിയുടെ 14 ശതമാനവും ചൈനയാണ്. തുടർന്ന് യു.എ.ഇ (11.2 ശതമാനം), ഇന്ത്യ (8.9 ശതമാനം). മറ്റു പ്രധാന വിപണികളിൽ ദക്ഷിണ കൊറിയ, ജപ്പാൻ, യു.എസ്, ഈജിപ്ത്, ബഹ്റൈൻ, മാൾട്ട, മലേഷ്യ എന്നിവ ഉൾപ്പെടുന്നു. ഇവ മൊത്തം കയറ്റുമതിയുടെ 64.4 ശതമാനമാണ്.
രാജ്യത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സ് 28.9 ശതമാനവും യു.എസ് ആണ് (7.5 ശതമാനം). യു.എ.ഇ (6.3 ശതമാനം) തൊട്ടുപിന്നിലുണ്ട്. ഇന്ത്യ, ജപ്പാൻ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഈജിപ്ത്, ഫ്രാൻസ് എന്നിവ ആദ്യ 10ൽ ഇടം നേടി. ഇറക്കുമതിയുടെ 67.6 ശതമാനമാണിത്.
ഇറക്കുമതിയുടെ 26.4 ശതമാനവും ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം വഴിയാണ്. ജിദ്ദ ഇസ്ലാമിക് തുറമുഖം (21.6 ശതമാനം), റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം (13.8 ശതമാനം), ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം (10.9 ശതമാനം), ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം (5.3 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിൽ. മൊത്തം വ്യാപാര ഇറക്കുമതിയുടെ 78.1 ശതമാനവും ഈ അഞ്ച് തുറമുഖങ്ങൾ വഴിയാണ് കൈകാര്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.