കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ സേവാ സംഘം. മുസ്ലിംകൾക്കെതിരായ വെള്ളാപ്പള്ളിയുടെ അധിക്ഷേപം മകന് കേന്ദ്രത്തിൽ അധികാരം ഉറപ്പിക്കുന്നതിന് ബി.ജെ.പി.യെ പ്രീണിപ്പിക്കാനുള്ള കുടില തന്ത്രത്തിന്റെ ഭാഗമാണെന്നും ഇതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നത് ഈഴവ സമുദായമാണെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏവരും സോദരത്വേന വാഴുന്ന മാതൃകാ സമൂഹസൃഷ്ടിക്കായി ശ്രീനാരായണഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം ഉപയോഗിച്ച് നടേശൻ പുറപ്പെടുവിക്കുന്ന പ്രസ്താവനകൾ ഗുരുനിന്ദയും വർഗീയ വേർതിരിവ് സൃഷ്ടിക്കുന്നതുമാണ്. രാഷ്ട്രീയ നേതാക്കൾ വെള്ളാപ്പള്ളിയുടെ വാഴ്ത്തുപാട്ടുകാരായി മാറി.
എക്കാലവും സാമൂഹിക നീതിയുടെ കാവൽഭടന്മാരായി നിലകൊണ്ട പാരമ്പര്യമാണ് മുസ്ലിം സമുദായത്തിനും മുസ്ലിം ലീഗിനുമുള്ളത്. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.