മസ്കത്ത്-മുംബൈ യാത്രക്കിടെ എയർ ഇന്ത്യ എക്സ്പ്രസിൽ തായ് യുവതിക്ക് സുഖ പ്രസവം

മസ്കത്ത്: മസ്കത്തിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ തായ് യുവതിക്ക് സുഖ പ്രസവം. വിമാനം 30,000 അടി ഉയരത്തിൽ പറക്കുന്ന വേളയിലാണ് ആകാശത്ത് കുഞ്ഞിന് ജന്മം നൽകിയത്. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ, ഐ.എക്സ് 442ൽ വിമാനത്തിലാണ് സംഭവം.

യാത്രക്കാരിക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് യാത്രക്കാരിയായ ഒരു നഴ്‌സിന്റെ സഹായത്തോടെ എയർലൈനിന്റെ ക്യാബിൻ ക്രൂ പ്രസവം വിദഗ്ധമായി കൈകാര്യം ചെയ്തു. പരിശീലനം ലഭിച്ച ഞങ്ങളുടെ ജീവനക്കാർ മെഡിക്കൽ എമർജൻസിയിൽ പ്രവർത്തിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രസ്താവനയിൽ പറഞ്ഞു.

വിമാന ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും മുംബൈയിൽ മുൻഗണനാ ലാൻഡിങിന് അഭ്യർഥിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ മെഡിക്കൽ സംഘവും ആംബുലൻസും സജ്ജരായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടനെതന്നെ അമ്മയെയും നവജാതശിശുവിനെയും പ്രസവാനന്തര പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ സഹായം നൽകുന്നതിനായി ഒരു എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ അവരോടൊപ്പം ഉണ്ടായിരുന്നു.

സ്വകാര്യതയുടെ ഭാഗമായി അമ്മയുടെയും കുഞ്ഞിന്റെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് എയർലൈൻ സ്ഥിരീകരിച്ചു. നവജാതശിശുവിന്റെ യാത്രാ ക്രമീകരണങ്ങളിൽ സഹായിക്കുന്നതിന് മുംബൈയിലെ തായ്‌ലൻഡ് കോൺസുലേറ്റ് ജനറലുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

Tags:    
News Summary - Thai woman gives birth on Air India Express on Muscat-Mumbai flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.