കോട്ടയം: സംസ്ഥാനത്തെ ആർ.ടി. ഓഫിസുകളുടെ നിയന്ത്രണം ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്ന ഗൂഢസംഘത്തിന് തന്നെയെന്ന് വിജിലൻസ് കണ്ടെത്തൽ. ‘ഓപറേഷൻ ക്ലീൻ വീൽസ്’ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന വകുപ്പായി മോട്ടോർ വാഹന വകുപ്പ് തുടരുന്നു എന്നും വിജിലൻസ് വിലയിരുത്തുന്നു.
കെ.ബി. ഗണേഷ്കുമാർ മന്ത്രിയായ ശേഷം വകുപ്പിൽ നടപ്പാക്കിയ പല പദ്ധതികളും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങിയ സംഘം അട്ടിമറിക്കുന്നതായാണ് പ്രധാന കണ്ടെത്തൽ. ലൈസൻസ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധനകളിലെല്ലാം വ്യാപക ക്രമക്കേട് നടക്കുന്നു. ആർ.ടി ഓഫിസുകളിലെ ക്ലറിക്കൽ ജീവനക്കാരിൽ ചിലർക്കും ഈ തട്ടിപ്പുകളിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. 17 റീജ്യനൽ ട്രാൻസ്പോർട്ട് ഓഫിസുകളും 64 സബ് റീജ്യനൽ ഓഫിസുകളും ഉൾപ്പെടെ 81 ഇടത്താണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്.
മൊബൈൽ പേമെന്റ് ആപ്പുകൾ വഴിയാണ് ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇപ്പോൾ കൈക്കൂലി വാങ്ങുന്നതെന്ന് വിജിലൻസ് പറയുന്നു. ഏജന്റുമാരിൽ നിന്ന് 21 ഉദ്യോഗസ്ഥർ 7,84,598 രൂപ യു.പി.ഐ ഇടപാടിലൂടെ കൈപ്പറ്റിയതായും കണ്ടെത്തി. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെത്തിയ 11 ഏജന്റുമാരിൽ നിന്ന് 1,40,760 രൂപ പിടിച്ചെടുത്തിരുന്നു. നിലമ്പൂർ, വൈക്കം ഉൾപ്പെടെ ചിലയിടങ്ങളിൽ പരിശോധനക്കിടെ പണം വലിച്ചെറിഞ്ഞ സംഭവമുണ്ടായി. കൈക്കൂലി ലഭിച്ചില്ലെങ്കിൽ ഒരുകാര്യവും നടക്കില്ലെന്ന നിലക്കാണ് വകുപ്പ് ഓഫിസുകളുടെ പ്രവർത്തനം എന്നും വിജിലൻസ് വിലയിരുത്തുന്നു.
• ഏജന്റുമാർ മുഖേനയല്ലാതെ പ്രധാനപ്പെട്ട ഒരു ഇടപാടും നടക്കുന്നില്ല
• വൈകുന്നേരം നാലുമണിക്ക് ശേഷമാണ് അനധികൃത ഡീൽ ഉറപ്പിക്കൽ
• കൈക്കൂലി പണം എല്ലാ ഉദ്യോഗസ്ഥരും വീതിച്ചെടുക്കുന്നു
• കൈക്കൂലിക്കായി പൊതുജനങ്ങളുടെ ഓൺലൈൻ അപേക്ഷകൾ ചെറിയ അപാകതകൾ ചൂണ്ടിക്കാട്ടി നിരസിക്കുന്നു
• അപേക്ഷകളിൽ കാലതാമസം വരുത്തുന്നു
• ഏജന്റുമാർ വഴി എത്തുന്ന അപേക്ഷകളിൽ സീനിയോറിറ്റി മറികടന്ന് വേഗത്തിൽ തീരുമാനം
• ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിൽ വിവേചനം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.